ഹവാന: നീണ്ട ഇടവേളയ്ക്കു ശേഷം അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ നിർണായക നീക്കം. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ നേരിട്ടെത്തി ഉന്നതതല ചർച്ചകൾ നടത്തി. ക്യൂബൻ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോയുടെ കൊച്ചുമകനും സുരക്ഷാ മേധാവിയുമായ റൗൾ ഗില്ലെർമോ റോഡ്രിഗസ് കാസ്ട്രോയുമായാണ് റാറ്റ്ക്ലിഫ് കൂടിക്കാഴ്ച നടത്തിയത്.
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രത്യേക സന്ദേശം കൈമാറാനാണു റാറ്റ്ക്ലിഫ് എത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ക്യൂബ തങ്ങളുടെ നയങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്താൻ തയാറാണെങ്കിൽ മാത്രം സാമ്പത്തിക, സുരക്ഷാ മേഖലകളിൽ സഹകരിക്കാൻ തയാറാണെന്ന നിർദേശമാണ് അദ്ദേഹം മുന്നോട്ടുവച്ചത്.
നിലവിൽ ക്യൂബ നേരിടുന്ന രൂക്ഷമായ ഊർജപ്രതിസന്ധിയും സാമ്പത്തിക തകർച്ചയും ചർച്ചകളിൽ ഇടം പിടിച്ചു. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ക്യൂബ ചർച്ചയിൽ ആവശ്യപ്പെട്ടു. എന്നാൽ, അമേരിക്കയുടെ ശത്രുരാജ്യങ്ങൾക്ക് ക്യൂബ താവളമൊരുക്കരുതേയെന്ന് ശക്തമായ നിലപാട് യോഗത്തിൽ ജോൺ റാറ്റ്ക്ലിഫ് ആവശ്യപ്പെട്ടു.
ക്യൂബൻ ഭരണകൂടം അനുമതി നൽകുകയാണെങ്കിൽ മാനുഷിക പരിഗണന മുൻനിർത്തി 100 ദശലക്ഷം ഡോളറിന്റെ സഹായവും സാറ്റലെറ്റ് ഇന്റർനെറ്റ് സൗകര്യവും നൽകാൻ തയാറാണെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധം നീക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. നിലവിലെ രാഷ്ട്രീയസാഹചര്യത്തിൽ സിഐഎ ഡയറക്ടറുടെ സന്ദർശനം അതീവ പ്രാധാന്യത്തോടെയാണ് ലോകം വിലയിരുത്തുന്നത്.