ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലും സിനിമാ ലോകത്തും ഒരുപോലെ ചർച്ചയായി നടൻ രാഘവ ലോറൻസിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ്. തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഈ വിഷയത്തിൽ തന്റെ ഔദ്യോഗിക പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
തന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരു തീരുമാനം ഈ മാസം 11-ാം തീയതി (വ്യാഴാഴ്ച) രാവിലെ 9:30-ന് അമ്മയുടെ അനുഗ്രഹത്തോടെ പ്രഖ്യാപിക്കുമെന്നാണ് ലോറൻസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചിരിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രി സി. വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നതിൽ പെരമ്പൂർ നിലനിർത്തി തിരുച്ചിറപ്പള്ളി ഈസ്റ്റ് ഒഴിഞ്ഞതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തിരുച്ചിറപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദി പറയാൻ സംഘടിപ്പിച്ച യോഗത്തിൽ, "നിങ്ങളിൽ ഒരാളെയായിരിക്കും ഇവിടെ സ്ഥാനാർത്ഥിയാക്കുക" എന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു.
പ്രാദേശിക നേതാക്കൾക്ക് പുറമേ വിജയിയുടെ അടുത്ത സുഹൃത്തും ജീവകാരുണ്യ പ്രവർത്തകനുമായ രാഘവ ലോറൻസിന്റെ പേര് കഴിഞ്ഞ ഒരാഴ്ചയായി ഈ മണ്ഡലത്തിലേക്ക് സജീവമായി ഉയർന്നു കേൾക്കുന്നുണ്ട്
ലോകേഷ് കനകരാജ് നിർമിച്ച് രത്നകുമാർ സംവിധാനം ചെയ്യുന്ന 'ബെൻസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് താൻ ഇപ്പോൾ ഉള്ളതെന്നും, ഈ മാസം 10-ഓടെ ഇതിന്റെ ഷെഡ്യൂൾ പൂർത്തിയാകുമെന്നും ലോറൻസ് വ്യക്തമാക്കി. ഇതിന് തൊട്ടടുത്ത ദിവസമായിരിക്കും താരത്തിന്റെ നിർണായക പ്രഖ്യാപനം.
ആയിരക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസവും ചികിത്സയും ഏറ്റെടുത്ത് നടത്തുന്ന ജീവകാരുണ്യ പ്രവർത്തകൻ എന്ന നിലയിൽ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള വ്യക്തിയാണ് രാഘവ ലോറൻസ്. അതുകൊണ്ടുതന്നെ 11-ാം തീയതി നടത്തുന്ന പ്രഖ്യാപനം അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചാണോ എന്ന ആകാംക്ഷയിലാണ് ആരാധകരും രാഷ്ട്രീയ നിരീക്ഷകരും.