മുംബൈ: ന്യൂ ഇന്ത്യ അഷ്വറൻസ് കന്പനി ലിമിറ്റഡിന്റെ പുതിയ ചെയർപേഴ്സണ് ആൻഡ് മാനേജിംഗ് ഡയറക്ടർ (സിഎംഡി) പദവിയിലേക്ക് മലയാളിയായ ലാവണ്യ മുണ്ടയൂരിനെ തെരഞ്ഞെടുത്തു. 108 വർഷത്തെ പാരന്പര്യമുള്ള ഈ കന്പനിയുടെ സിഎംഡി പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് ലാവണ്യ.
2026 മേയ് 28-ന് ഫിനാൻഷ്യൽ സർവീസസ് ഇൻസ്റ്റിറ്റ്യൂഷൻസ് ബ്യൂറോ ആണ് ന്യൂ ഇന്ത്യ അഷ്വറൻസിന്റെ ചെയർപേഴ്സണ് ആൻഡ് മാനേജിംഗ് ഡയറക്ടർ പദവിയിലേക്ക് ഇവരുടെ പേര് ശിപാർശ ചെയ്തത്. 2024 മുതൽ കന്പനിയെ നയിക്കുന്ന നിലവിലെ സിഎംഡി ഗിരിജ സുബ്രഹ്മണ്യനിൽ നിന്നാണ് അവർ ചുമതലയേൽക്കുക.
മുന്പ് ന്യൂ ഇന്ത്യ അഷ്വറൻസിൽ ജനറൽ മാനേജരായിരുന്ന ലാവണ്യ 2024 ഡിസംബർ മുതൽ അഗ്രികൾച്ചർ ഇൻഷ്വറൻസ് കന്പനി ഓഫ് ഇന്ത്യയുടെ സിഎംഡി ആയി സേവനമനുഷ്ഠിക്കുകയായിരുന്നു.
1991ൽ് ഡയറക്ട് റിക്രൂട്ട് ഓഫീസറായാണ് ഇവർ ന്യൂ ഇന്ത്യ അഷ്വറൻസിൽ പ്രവേശിക്കുന്നത്.
പ്രശസ്ത സംഗീതാസ്വാദകനും നവരസം ട്രസ്റ്റ് സ്ഥാപകനും ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ് ലിമിറ്റഡിന്റെ മുൻ മാനേജിംഗ് ഡയറക്ടറുമായിരുന്ന എം.ഡി. മാധവന്റെയും ആട്ടക്കഥാ രചയിതാവും എഴുത്തുകാരിയുമായ രാധ മാധവന്റെയും മകളാണ് ലാവണ്യ.
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥാനായ രഞ്ജിത്താണ് ഭർത്താവ്. മദ്രാസ് മെഡിക്കൽ കോളജിലെ ന്യൂറോ സർജനായ ഡോ. രാധിക, സ്കോട്ലൻഡിൽ പിഎച്ച്ഡി ചെയ്യുന്ന നീലിമ എന്നിവരാണ് മക്കൾ.