കൊച്ചി: മാധ്യമരംഗത്തെ നൂതന മാറ്റങ്ങളും ധാർമിക മൂല്യങ്ങളും ചർച്ച ചെയ്ത സിഎംഐ നാഷണൽ മീഡിയ കോൺക്ലേവ് സമാപിച്ചു. ഫ്രം പ്രിന്റിംഗ് പ്രസ് ടു ഡിജിറ്റൽ പൾപ്പിറ്റ് എന്ന പ്രമേയത്തിൽ രണ്ടു ദിവസങ്ങളിലായി കാക്കനാട് ചാവറ ഹിൽസിലെ സിഎംഐ പ്രിയോർ ജനറൽ ഹൗസിലായിരുന്നു സമ്മേളനം.
സിഎംഐ മീഡിയ വർഷത്തോടനുബന്ധിച്ച് (2026-2027) സംഘടിപ്പിച്ച കോൺക്ലേവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരും സന്യസ്തരും യുവജന പ്രതിനിധികളും പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിൽ സിഎംഐ പ്രിയോർ ജനറൽ ഫാ. ഡോ. പോൾ ആച്ചാണ്ടി അധ്യക്ഷത വഹിച്ചു. കെസിബിസി മീഡിയ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം നിർവഹിച്ചു.
മന്ത്രി റോജി എം. ജോൺ മുഖ്യാതിഥിയായി. സിഎംഐ മീഡിയ അവാർഡുകൾ സമ്മാനിച്ചു. സംവിധായകൻ ലിയോ തദേവൂസ്, മാധ്യമപ്രവർത്തകൻ ആന്റോ അക്കര, സംഗീതസംവിധായകൻ അൽഫോൻസ് ജോസഫ് എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. സിഎംഐ വികാർ ജനറൽ ഫാ. ബെന്നി നൽക്കര പ്രസംഗിച്ചു.
മാധ്യമരംഗത്തെ മാറുന്ന സാഹചര്യങ്ങളിൽ സഭയുടെ സാന്നിധ്യത്തെക്കുറിച്ച് മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് പ്രഭാഷണം നടത്തി. ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്ത് മോഡറേറ്ററായിരുന്നു. സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ് അനുഭവങ്ങൾ പങ്കുവച്ചു.
നിഷ പുരുഷോത്തമൻ, സിജോയ് വർഗീസ് എന്നിവർ പങ്കെടുത്ത പാനൽ ചർച്ചയിൽ ഫാ. മാത്യു കിലുക്കൻ മോഡറേറ്ററായി. നിർമിത ബുദ്ധിയുടെ കാലഘട്ടത്തിൽ സുവിശേഷ പ്രഘോഷണത്തെക്കുറിച്ച് വത്തിക്കാൻ സെക്രട്ടേറിയറ്റ് ഫോർ കമ്യൂണിക്കേഷൻ ഡയറക്ടർ ഡോ. നടാഷ ഗോവെക്കർ പ്രഭാഷണം നടത്തി. ഷെജിൻ തോമസ്, സിസ്റ്റർ ലിസ്മി, ഫാ. ജോ പാച്ചേരിൽ എന്നിവർ മാധ്യമ സാക്ഷ്യങ്ങൾ പങ്കുവച്ചു. ഫാ. റോയ് കണ്ണൻചിറ മോഡറേറ്ററായിരുന്നു.രണ്ടാം ദിവസം ഫാ. സാബു കുമ്പുക്കലിന്റെ എഐയും മാധ്യമങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
മാധ്യമ പ്രവർത്തനങ്ങളിലെ മികച്ച മാതൃകകളും സിഎംഐ മാധ്യമ ശുശ്രൂഷയുടെ ഭാവിയും എന്ന വിഷയത്തിലെ പാനൽ ചർച്ചയിൽ ഫാ. ബെന്നി ബെനഡിക്ട് ചിറമേൽ മോഡറേറ്ററായിരുന്നു. ഫാ. ജോസഫ് വർഗീസ് കുരീത്തറ, ഫാ. അനിൽ ഫിലിപ്പ്, ഫാ. റോബി കണ്ണൻചിറ, ഫാ. സുനിൽ ജോസ്, ഫാ. ജോൺസൺ പാലപ്പള്ളി, ഫാ. ജോൺ കാരൾ ജോസ് എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ദീപിക ചീഫ് എഡിറ്റർ ഫാ. ഡോ. ജോർജ് കുടിലിൽ മുഖ്യാതിഥിയായിരുന്നു. മാധ്യമരംഗത്ത് സ്തുത്യർഹ സേവനമനുഷ്ഠിച്ച സിഎംഐ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.