ലണ്ടൻ: സുരക്ഷാ ആശങ്കകളെ തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ ലണ്ടനിലെ പൊതുപരിപാടി റദ്ദാക്കി. ലണ്ടനിലെ ഏറ്റവും ഉയർന്ന കെട്ടിടമായ 'ദി ഷാർഡിന്' പുറത്ത് ചൊവ്വാഴ്ച അദ്ദേഹത്തെ കാണാൻ നൂറുകണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. എന്നാൽ ജനത്തിരക്ക് നിയന്ത്രണാതീതമായതോടെ മെട്രോപൊളിറ്റൻ പൊലിസ് ഇടപെട്ട് സുരക്ഷാ കാരണങ്ങളാൽ പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നു.
മണിക്കൂറുകളോളം കാത്തുനിന്ന ആരാധകരെ ഈ തീരുമാനം ഏറെ നിരാശരാക്കി. സുരക്ഷ മുൻനിർത്തിയാണ് പരിപാടി വേണ്ടെന്നുവെച്ചതെന്ന് മുഖ്യമന്ത്രിയുടെ ഒപ്പമുണ്ടായിരുന്ന സംഘാംഗം അറിയിച്ചു. തമിഴ്നാട്ടിലേക്ക് കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായുള്ള ഔദ്യോഗിക യുകെ സന്ദർശനത്തിലാണ് മുഖ്യമന്ത്രി വിജയ്.
ഈ യാത്രയിൽ ഏകദേശം 12,300 കോടി രൂപയുടെ നിക്ഷേപ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സംസ്ഥാനത്ത് 9,000ത്തിൽ അധികം പുതിയ ജോലിസാധ്യതകൾ സൃഷ്ടിക്കാൻ ഈ പദ്ധതികൾ വഴിയൊരുക്കും. സന്ദർശനം പൂർത്തിയാക്കി വിജയ് ബുധനാഴ്ച ഇന്ത്യയിലേക്ക് തിരിക്കും.