തൊടുപുഴ: സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി ആറ്, ഏഴ് തിയതികളില് അടിമാലിയില് നടക്കുമെന്ന് ജില്ലാ സെക്രട്ടറി സി.വി. വര്ഗീസ് പത്രസമ്മേളനത്തില് അറിയിച്ചു. മരങ്ങാട്ട് റസിഡന്സിയില് ആറിന് രാവിലെ പത്തിന് പ്രതിനിധി സമ്മേളനം ആരംഭിക്കും. ഏഴിന് വൈകുന്നേരം മൂന്നിന് അമ്പലപ്പടിയില്നിന്ന് ആരംഭിക്കുന്നറാലിയില് 25,000 പേര് പങ്കെടുക്കും.
മാര്ക്കറ്റ് റോഡില് നടക്കുന്ന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ടി.പി. രാമകൃഷ്ണന്, കെ.എന്. ബാലഗോപാല്, പുത്തലത്ത് ദിനേശന്, കെ.എസ്. സലീഖ, സെക്രട്ടേറിയറ്റംഗങ്ങളായ എം. സ്വരാജ്, കെ.കെ. ജയചന്ദ്രന്, പി.എ. മുഹമ്മദ് റിയാസ്, എം.ബി. രാജേഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.എം. മണി, കെ.പി. മേരി എന്നിവര് പ്രസംഗിക്കും.
ജില്ലാ ദുരന്തനിവാരണ അഥോറിട്ടിയുടെ യോഗതീരുമാനപ്രകാരം ആനത്താരകളിലെ തടസങ്ങള് നീക്കണമെന്ന ജില്ലാകളക്ടറുടെ ഉത്തരവും രാത്രി യാത്രാവിലക്കും ജനജീവിതം ദുരിതപൂര്ണമാക്കും. ഇതു സംബന്ധിച്ച് കളക്ടര് വിശദീകരണമല്ല നല്കേണ്ടത്. മറിച്ച് ഉത്തരവ് പിന്വലിക്കുകയാണ് ചെയ്യേണ്ടത്. ഇക്കാര്യത്തില് പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുന്ന കാര്യം സമ്മേളനം ചര്ച്ചചെയ്യും.
പത്രസമ്മേളനത്തില് മുഹമ്മദ് ഫൈസല്, വി.വി.മത്തായി, ടി.ആര്. സോമന്, ലിനു ജോസ് എന്നിവരും പങ്കെടുത്തു.