തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുമോ എന്ന ചോദ്യത്തിനു പരിഹാസരൂപേണ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മറുപടി.
“ഓ... ഇല്ല...” അതായത്, പാർലമെന്ററി രംഗത്തു ജി. സുധാകരൻ ഇനി അടഞ്ഞ അധ്യായം. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ഗോവിന്ദൻ സുധാകരനെതിരേ പറയാതെ പറഞ്ഞത്.
കെ.കെ. ശൈശലജയുടെ കാര്യത്തിലും എല്ലാം പാർട്ടി പരിശോധിക്കുമെന്നല്ലാതെ മത്സരിക്കുമോ ഇല്ലയോ എന്നു വ്യക്തമായ മറുപടി നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറി തയാറായില്ല. പിണറായി വിജയൻ മത്സരിക്കുമോയെന്ന ചോദ്യത്തിന്, പോളിറ്റ് ബ്യൂറോ തീരുമാനിച്ചല്ലോ എന്നു മാത്രമാണു ഗോവിന്ദന്റെ മറുപടി.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സിപിഎം ജില്ലാ നേതൃത്വങ്ങൾ നൽകിയ സ്ഥാനാർഥിപ്പട്ടിക ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ പ്രാഥമിക പട്ടികയിൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ.കെ. ശൈലജയുടെ പേര് ഉണ്ടായിരുന്നില്ല. ഇതിനുള്ള വിശദീകരണവും ജില്ലാ നേതൃത്വം നൽകിയിരുന്നു. നിലവിൽ മട്ടന്നൂരിൽ പാർട്ടി സ്ഥാനാർഥി ആരായാലും ജയിക്കുമെന്ന നിലപാടാണു ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിനു നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
രണ്ടു ടേം പൂർത്തിയാക്കിയവർ വീണ്ടും മത്സരിച്ചാലേ ജയിക്കൂവെന്ന സ്ഥിതിയുള്ള മണ്ഡലത്തിൽ മാത്രം എംഎൽഎമാരെ മൂന്നാമതും പരിഗണിച്ചാൽ മതിയെന്ന ധാരണയാണു നിലവിൽ സിപിഎം സ്വീകരിച്ചിട്ടുള്ളത്. അല്ലെങ്കിൽ പുതിയ സ്ഥാനാർഥികളെ പരിഗണിക്കണമെന്നും ജില്ലാ കമ്മിറ്റികൾക്കു നിർദേശം നൽകിയിട്ടുണ്ട്.
ആലപ്പുഴയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും മുൻ എംപിയുമായ സി.എസ്. സുജാതയെ പരിഗണിക്കണമെന്ന നിലപാടാണു സംസ്ഥാന നേതൃത്വത്തിനുള്ളത്.
എന്നാൽ, ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ പട്ടികയിൽ സുജാതയുടെ പേരില്ല. ഡോ. ടി.എം. തോമസ് ഐസക് മത്സരിക്കണമെന്നും സംസ്ഥാന നേതൃത്വത്തിനു താത്പര്യമുണ്ട്. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ പട്ടികയിൽ ഐസക്കിന്റെ പേരും ഇല്ല. ഈ സാഹചര്യത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം ആഗ്രഹിക്കുന്ന തരത്തിൽ ജില്ലാ കമ്മിറ്റികളിൽനിന്നു സ്ഥാനാർഥിപ്പട്ടിക എത്തണമെങ്കിൽ ജില്ലാ കമ്മിറ്റികൾ വീണ്ടും ചേരേണ്ടിവരും.
നാളെമുതൽ പാർട്ടി സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കൾ പങ്കെടുത്തുകൊണ്ടു ജില്ലാ കമ്മിറ്റികൾ ചേരും. ഈ മാസം എട്ടാം തീയതിക്കു മുന്പായി സിപിഎം സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമെടുക്കും.
സീറ്റുധാരണ സംബന്ധിച്ച് ഇന്നും നാളെയുമായി സിപിഐ നേതാക്കളുമായി സിപിഎം സംസ്ഥാന സെക്രട്ടറി ചർച്ച നടത്തും. മൂന്നാം തീയതിക്കു മുന്പായി ഇടതുമുന്നണിയിലെ സീറ്റുചർച്ച പൂർത്തിയാക്കാനാണ് ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്.