മംഗലംഡാം: ബസിലെ വാക്കുതർക്കത്തെ തുടർന്ന് കണ്ടക്ടർക്കുനേരേ സിപിഎം നേതാവിന്റെ നേതൃത്വത്തിൽ ഗുണ്ടാ ആക്രമണം.അക്രമത്തിൽ സാരമായി പരിക്കേറ്റ സ്വകാര്യബസിലെ കണ്ടക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ നാലു പേർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മംഗലംഡാം പോലീസ് കേസെടുത്തു. ജീവനക്കാരനു നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് മംഗലംഡാം- മുടപ്പല്ലൂർ- വടക്കഞ്ചേരി റൂട്ടിൽ സ്വകാര്യബസുകൾ ഇന്നലെ പണിമുടക്കി.
തേജസ് ബസിലെ കണ്ടക്ടർ പൊൻകണ്ടം പുതുപ്പള്ളിമറ്റം പി.വി. അജി ( 52) ക്കാണ് പരിക്കേറ്റത്. മംഗലംഡാം സ്വദേശികളായ അമൽ (23), രതീഷ് (44) കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർ എന്നിവർക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്.
ബുധനാഴ്ച വൈകീട്ട് വടക്കഞ്ചേരിയിൽനിന്നും മംഗലംഡാമിലേക്കുവന്ന ബസിൽ മുടപ്പല്ലൂരിൽനിന്നും കയറിയ അമലിനോടു കണ്ടക്ടർ അജി കയറിനിൽക്കാൻ ആവശ്യപ്പെട്ടതാണ് അക്രമത്തിലെത്തിയത്.
തുടർന്നുണ്ടായ വാക്കേറ്റത്തിൽ ഉന്തും തള്ളുമുണ്ടാവുകയും അമൽ ബസിൽനിന്നും ഇടയ്ക്കുവച്ച് ഇറങ്ങിപ്പോയി. പിന്നീട് ബസ് മംഗലംഡാമിലെത്തി പമ്പിൽ ഇന്ധനം നിറച്ചു കൊണ്ടിരിക്കുന്നതിനിടെ സുഹൃത്തുക്കളോടൊപ്പം കാറിലെത്തിയ അമൽ, അജിയെ ക്രൂരമായി മർദിക്കുകയായിരുന്നു. രതീഷ് ഉൾപ്പെടെയുള്ള സുഹൃത്തുക്കളും മർദനത്തിൽ പങ്കാളികളായി.
അമൽ ലോഹവള ഉപയോഗിച്ചു ഇടിച്ചതിനെ തുടർന്ന് അജിയുടെ മൂക്കിന്റെ എല്ലുപൊട്ടുകയും ചുണ്ടിലും കവിളിലും ആഴത്തിലുള്ള മുറിവുമുണ്ടായി. നാലുവർഷംമുമ്പ് സ്ട്രോക്ക് വന്ന് കണ്ടക്ടർ അജി ചികിത്സ തുടരുന്നതിനിടെയാണ് ഈ ആക്രമണം. രതീഷ് സിപിഎമ്മിന്റെ മുൻ ബ്രാഞ്ച് സെക്രട്ടറിയും അമൽ ഡിവൈഎഫ്ഐ പ്രവർത്തകനുമാണ്. സംഘം എത്തിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. ബസുകൾ ഇന്നു സർവീസ് നടത്തും.