കണ്ണൂർ: തളിപ്പറമ്പ് എംഎൽഎ ടി കെ ഗോവിന്ദനെതിരെ കടുത്ത വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടി തീരുമാനങ്ങളെ ചോദ്യം ചെയ്ത ടി കെ ഗോവിന്ദൻ വർഗവഞ്ചകനും 'തളിപ്പറമ്പിന്റെ ബ്രൂട്ടസു'മാണെന്ന് കെ കെ രാഗേഷ് കുറ്റപ്പെടുത്തി.
മുൻകൂട്ടി ഡീൽ ഉണ്ടാക്കിയാണ് ഗോവിന്ദൻ യോഗത്തിൽ പങ്കെടുത്തതെന്നും കൂടെ നിന്ന് നെഞ്ചിൽ കഠാര വെച്ച് കുത്തുകയാണ് ചെയ്തതെന്നും രാഗേഷ് ആരോപിച്ചു. തളിപ്പറമ്പിലെ ഈ വഞ്ചന ജനങ്ങൾ മറക്കില്ല. വെറുമൊരു അധ്യാപകനായിരുന്ന ഗോവിന്ദന് പരിയാരം മെഡിക്കൽ കോളേജ് ചെയർമാൻ, ഹാൻവീവ് ചെയർമാൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗത്വം തുടങ്ങിയ ഉയർന്ന പദവികൾ നൽകിയത് പാർട്ടിയാണ്.
വലിയ വിപ്ലവകാരിയാണെന്ന് അവകാശപ്പെടുന്ന ഗോവിന്ദനെതിരെ അടിയന്തരാവസ്ഥാ കാലത്ത് ഒരു കേസുപോലും ഉണ്ടായിരുന്നില്ലെന്ന് രാഗേഷ് പരിഹസിച്ചു. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയത്തിൽ പോരായ്മ സംഭവിച്ചതായി കെ കെ രാഗേഷ് തുറന്നുസമ്മതിച്ചു.
ലീഗ് കേന്ദ്രങ്ങളിൽ വോട്ട് വർധിച്ച സാഹചര്യത്തിൽ കുറച്ചുകൂടി ശക്തനായ സ്ഥാനാർഥിയെ നിർത്തേണ്ടിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.