കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് രണ്ടു കോടി രൂപ നഷ്ടപരിഹാരം നല്കാന് എറണാകുളം മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍(എംഎസിടി) ഉത്തരവ്.
2021 ഡിസംബര്‍ 26ന് രാവിലെ 6.30നുണ്ടായ അപകടത്തില്‍ പരിക്കേറ്റു കിടപ്പിലായ എറണാകുളം പനങ്ങാട് സ്വദേശിനി സി.ആര്. സോനുവിനാണ് 2.07 കോടി അനുവദിച്ച് ഉത്തരവായത്.
ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്സായിരുന്ന സോനു ജോലിക്കു കയറുന്നതിനായി ആശുപത്രിക്കു മുന്നില്‍ റോഡ് മുറിച്ചുകടക്കാന്‍ നില്‍ക്കുമ്പോഴായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാര്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന സോനുവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്നാണു കേസ്.
ഏറെനാള്‍ ആശുപത്രിയില്‍ കഴിഞ്ഞു. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് ആരോഗ്യാവസ്ഥ മോശമാക്കിയത്. മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍പോലും ചെയ്യാനാകാത്ത നിലയിലാണ്.
രണ്ടുമാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നാണു മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി എം.കെ. ഗണേഷ് ഇന്‍ഷ്വറന്‍സ് കമ്പനിക്കു നിര്‍ദേശം നല്‍കിയത്.