മേലുകാവ്: മഹാരാഷ്ട്രയിലെ നാഗ്പുരില്‍ വൈദികനെയും കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്ത സംഭവം ഭരണഘടനാ അവകാശങ്ങളെ ഹനിക്കുന്ന പ്രവൃത്തിയാണെന്ന് സിഎസ്ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ റവ. വി.എസ്. ഫ്രാന്‍സിസ്.
ഏതാനും വര്‍ഷങ്ങളായി ദേശീയതലത്തില്‍ ക്രൈസ്തവര്‍ക്കെതിരേ പീഡനം വര്‍ധിച്ചു വരികയാണ്. രാജ്യത്തിന്റെ വളര്‍ച്ചയുടെ എല്ലാ മേഖലയിലും ക്രൈസ്തവ മിഷനറിമാരുടെയും ക്രിസ്തീയ സഭകളുടെയും പങ്ക് വളരെ വലുതാണ്. ഇതെല്ലാം മറന്നു ഭൂരിപക്ഷ മതപ്രീണനം നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ മതസ്വരതയെ തകര്‍ക്കുന്ന വലിയ വിപത്താണ്.
12 വര്‍ഷമായി ഗ്രാമങ്ങളിലെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്ത്തകന് കൂടിയായ ഫാ. സുധീഷിന്റെ അറസ്റ്റിലൂടെ വെളിപ്പെടുന്നത് ഭരണകൂട ഭീകരതയാണ്.
ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതെ നോക്കേണ്ടതും നിയമവിരുദ്ധ അറസ്റ്റ് നടത്തിയ സര്‍ക്കാരിനെ നിലയ്ക്കുനിര്‍ത്തേണ്ടതും കേന്ദ്ര ഗവണ്മെന്റാണ്.
ഏതെങ്കിലും ഒരു മതത്തിനു വേണ്ടിയുള്ള സര്‍ക്കാരല്ല കേന്ദ്രം ഭരിക്കുന്നതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം മതത്തിന്റെ പേരില്‍ പൗരന് നഷ്ടപ്പെടുന്നത് മതേതര ഇന്ത്യക്കു ഭൂഷണമല്ലെന്നും റവ. ഫ്രാന്‍സിസ് പറഞ്ഞു.