ചെന്നൈ: ഐപിഎൽ സീസണിന് മുന്നോടിയായി പരിശീലക സംഘത്തിൽ വൻ അഴിച്ചുപണിയുമായി ചെന്നൈ സൂപ്പർ കിംഗ്സ്. സഹീർ ഖാനെ പുതിയ പരിശീലകനായി നിയമിച്ചതിന് പിന്നാലെ ബാറ്റിംഗ് കോച്ച് മൈക്ക് ഹസിയും ടീം വിട്ടു. ഹസിയെ കൂടാതെ പരിശീലക സംഘത്തിലെ മറ്റ് നാല് അംഗങ്ങളും പടിയിറങ്ങി.
മുഖ്യപരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് ഏതാനം മാസങ്ങൾക്കു മുമ്പ് ടീം വിട്ടിരുന്നു. ബാറ്റിംഗ് പരിശീലകനായിരുന്ന മൈക്ക് ഹസിയുടെ വിടവാങ്ങൽ തിങ്കളാഴ്ചയാണ് സിഎസ്കെ പ്രഖ്യാപിച്ചത്. 2008ൽ ഐപിഎല്ലിന്റെ ആദ്യ സീസൺ മുതൽ ചെന്നൈ ടീമിന്റെ ഭാഗമായിരുന്ന ഹസി, ആറ് സീസണുകളിൽ താരമായും പിന്നീട് 2018 മുതൽ ബാറ്റിംഗ് പരിശീലകനായും പ്രവർത്തിച്ചു.
ഹസിക്ക് നന്ദി അറിയിച്ചുകൊണ്ട് സിഎസ്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ, ടീമിനായി നേടിയ റൺസുകൾക്കൊപ്പം യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചതായി വ്യക്തമാക്കി. സമർപ്പണവും വിനയവും ടീമിനോടുള്ള പ്രതിബദ്ധതയും ഹസിയെ ചെന്നൈ കുടുംബത്തിലെ അവിഭാജ്യ ഘടകമാക്കിയെന്നും ക്ലബ് കുറിച്ചു.
ബാറ്റിംഗ് പരിശീലകൻ ഹസിക്ക് പുറമെ ബൗളിംഗ് പരിശീലകൻ എറിക് സൈമൺസ്, സ്ട്രെംഗ്ത് ആൻഡ് കണ്ടീഷനിംഗ് പരിശീലകൻ ഗ്രെഗ് കിംഗ്, ഫിസിയോതെറാപ്പിസ്റ്റ് ടോമി സിംസെക്, അസിസ്റ്റന്റ് ബാറ്റിംഗ് പരിശീലകൻ രാജീവ് കുമാർ എന്നിവരും ടീം വിട്ടു. 2025ലും 2026ലും പ്ലേഓഫിൽ ഇടം നേടാനാകാതിരുന്നതാണ് ചെന്നൈ ക്യാമ്പിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയത്.