കാര്യവട്ടം: കേരള ക്രിക്കറ്റ് ലീഗ് ട്വന്റി-20 ക്രിക്കറ്റിന്റെ 2026 സീസണിലെ ഏറ്റവും വലിയ ടോട്ടല്‍ പിന്തുടര്ന്ന് മിന്നും ജയം സ്വന്തമാക്കി ആലപ്പി റിപ്പിള്‍സ്. മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറിയുടെ (112 നോട്ടൗട്ട്) പിന്‍ബലത്തില്‍ ആലപ്പി റിപ്പിള്‍സ് കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിനെ ആറു വിക്കറ്റിനു പരാജയപ്പെടുത്തി.
ആദ്യം ബാറ്റ് ചെയ്ത കാലിക്കട്ട് ഗ്ലോബ് സ്റ്റാര്‍സ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് സ്വന്തമാക്കി. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോറായിരുന്നു ഇത്. എന്നാല്‍, മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിള്‍സ് 19.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 215 എടുത്തു ജയം നേടി.
ആര്‍പ്പോ ആലപ്പി
120 പന്തില്‍ ആലപ്പിയുടെ വിജയലക്ഷ്യം 214 റണ്‍സ്. രണ്ടാമത് ബാറ്റ് ചെയ്ത് ഈ സ്കോര്‍ മറികടക്കുകയെന്നത് അപ്രാപ്യമെന്നു കരുതിയിടത്തു നിന്നാണ് ആലപ്പിയുടെ വിജയക്കുതിപ്പിന് കാര്യവട്ടം സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. സ്കോര്‍ബോര്‍ഡില്‍ 14 റണ്‍സുള്ളപ്പോള്‍ ആകാശ് സി. പിള്ളയെ (1) നഷ്ടമായി.
സ്കോര്‍ 43ല്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്‍ സച്ചില്‍ ബേബിയും (19) മടങ്ങി. തുടര്‍ന്നെത്തിയ ടി.കെ. അക്ഷയുമൊത്തുള്ള മുഹമ്മദ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ ബാറ്റിംഗ് ആലപ്പിയുടെ സ്കോര്‍ അതിവേഗം ഉയര്‍ത്തി. 60 പന്തില്‍ നിന്നു 10 സിക്സും അഞ്ചു ഫോറും ഉള്‍പ്പെടെ പുറത്താവാതെ 112 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീനാണ് വിജയശില്പി. ഈ സീസണില്‍ അസ്ഹറുദ്ദീന്റെ രണ്ടാം സെഞ്ചുറി.
കാലിക്കട്ട് പോരാട്ടം
അഖില്‍ സ്കറിയയും വരുണ്‍ നായനാരും കാലിക്കട്ടിനു വേണ്ടി ബാറ്റുകൊണ്ട് തകര്‍ത്താടി മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയെങ്കിലും ആലപ്പി വിജയം പിടിച്ചു വാങ്ങുകയായിരുന്നു. ടോസ് നേടിയ ആലപ്പി റിപ്പിള്‍സ് കാലിക്കട്ടിനെ ബാറ്റിംഗിന് അയച്ചു. കാലിക്കട്ടിനു വേണ്ടി 38 പന്തില്‍ 72 റണ്‍സുമായി പുറത്താകാതെ നിന്ന അഖില്‍ സ്കറിയയും 36 പന്തില്‍ 62 റണ്‍സ് നേടിയ ഓപ്പണര്‍ വരുണ്‍ നായനാരുമാണ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ നിര്‍ണായ പിന്തുണ നല്‍കിയത്.
വരുണ്‍ നായനാര്‍-രോഹന് കുന്നുമ്മല്‍ ഓപ്പണിംഗ് കൂട്ടുകെട്ട് 96 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 23 പന്തില്‍ മൂന്നു സിക്സും നാലു ബൗണ്ടറിയും ഉള്‍പ്പെടെ 42 റണ്‍സായിരുന്നു രോഹന്റെ സമ്പാദ്യം. അവസാന ഓവറിലെ അവസാന നാല് പന്തില്‍ മൂന്ന് സിക്സും ഒരു ഫോറും ഉള്‍പ്പെടെ 22 റണ്‍സാണ് അഖില്‍ വാരിക്കൂട്ടിയത്.