ലെയോ പതിനാലാമൻ മാർപാപ്പയുടെ പെറു സന്ദർശനത്തിനു മുന്നോടിയായി കല്ലാവോ പ്രവിശ്യാ മുനിസിപ്പാലിറ്റി മാർപാപ്പയുടെ 14 മീറ്റർ (45 അടി) ഉയരമുള്ള കൂറ്റൻ പ്രതിമ അനാച്ഛാദനം ചെയ്തു.
കഴിഞ്ഞ മാർച്ചിലുണ്ടായ തീപിടിത്തത്തിൽനിന്നു തന്റെ സഹോദരിയെ രക്ഷിക്കുന്നതിനിടെ മരിച്ച നാലുവയസുകാരൻ ഹെസൂസ് ഗെയ്ൽ അലജാൻഡ്രോ റോഡ്രിഗസിന്റെ സ്മരണാർഥം പസഫിക് തീരത്തെ കോസ്റ്റ വെർദെയിൽ പുതുതായി നാമകരണം ചെയ്യപ്പെട്ട ‘നിനോ ഗെയ്ലിറ്റോ’ പാർക്കിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
12 മീറ്റർ ഉയരമുള്ള ലോഹ ചട്ടക്കൂടിൽ പോളിയുറീൻ ഫോം, ഫൈബർഗ്ലാസ്, പോളിസ്റ്റർ റെസിൻ എന്നിവ ഉപയോഗിച്ചാണു പ്രതിമ നിർമിച്ചിരിക്കുന്നത്. പ്രതിമയ്ക്കു മാത്രം 12 മീറ്ററും അതു സ്ഥാപിച്ചിരിക്കുന്ന പീഠത്തിന് രണ്ടു മീറ്ററും ഉയരമുണ്ട്. ശില്പികളായ ഡെയ്വി വോംഗ് അരാനയും റാഫേൽ ഗുട്ടറസ് ക്വിസ്പെയും ചേർന്നാണ് ഇത് രൂപകല്പന ചെയ്തത്.
കല്ലാവോ മേയർ സെസാർ പെരസിന്റെ നേതൃത്വത്തിലായിരുന്നു അനാച്ഛാദന ചടങ്ങ്. കല്ലാവോ ബിഷപ് ലൂയിസ് ആൽബെർട്ടോ ബാരേര പാച്ചെക്കോ, പെറുവിയൻ ബിഷപ്സ് കോൺഫറൻസ് ഡെപ്യൂട്ടി സെക്രട്ടറിയും മാർപാപ്പയുടെ പെറു സന്ദർശനത്തിന്റെ ദേശീയ കോ-ഓർഡിനേറ്ററുമായ മോൺ. ഗില്ലെർമോ ഇങ്ക പെരേഡ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
2015 മുതൽ 2023 വരെ പെറുവിലെ ചിക്ലായോ രൂപതയുടെ ബിഷപ്പായും 2020 മുതൽ 2021 വരെ കല്ലാവോ രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായും ലെയോ പതിനാലാമൻ മാർപാപ്പ സേവനമനുഷ്ഠിച്ചിട്ടുണ്ട്.