കയ്പമംഗലം: തീരദേശത്ത് അപൂർവമായി വിളയുന്ന കംബോഡിയൻ മുന്തിരി നട്ടുവളർത്തി ശ്രദ്ധേയനാവുകയാണ് കയ്പമംഗലം കാക്കാത്തിരുത്തി ബദർ പള്ളിക്ക് പടിഞ്ഞാറ് കറുപ്പംവീട്ടിൽ അബ്ദുൾ നാസർ. വീട്ടുമുറ്റത്തും മട്ടുപ്പാവിലുമായി വിവിധയിനം പച്ചക്കറികളും പഴവർഗങ്ങളും കൃഷി ചെയ്യുന്ന നാസറിന്റെ തോട്ടത്തിലെത്തിയാൽ ഇപ്പോൾ കാണാനാകുന്നത് നിറയെ മുന്തിരിക്കുലകളാണ്.
പെരുമ്പാവൂരിൽ നിന്ന് വാങ്ങിയ രണ്ട് കംബോഡിയൻ മുന്തിരിത്തൈകളാണ് നാസർ വീട്ടുമുറ്റത്ത് നട്ടത്. എന്നാൽ ഒരു വർഷത്തോളം കഴിഞ്ഞിട്ടും തൈകളിൽ കായ്ഫലം ഉണ്ടായില്ല. ഇതിനിടെ ചെടി ഉണങ്ങിപ്പോകുകയും ചെയ്തു. കൃഷി അവസാനിച്ചെന്ന് കരുതിയിരിക്കെയാണ് ഉണങ്ങിയ ചെടിയിൽനിന്ന് അഞ്ച് മാസം മുമ്പ് പുതിയ തളിരുകൾ പൊട്ടിവന്നത്.പിന്നീട് അതിവേഗം വളർന്ന വള്ളി മട്ടുപ്പാവിലേക്ക് പടർന്ന് പന്തലായി. ഇപ്പോൾ വള്ളിയിൽ നിറയെ മുന്തിരിക്കുലകൾ കായ്ച്ചുനിൽക്കുകയാണ്. ഓരോ കുലയിലും ആയിരത്തിലധികം മുന്തിരികളാണ് ഉള്ളത്. നിലവിൽ കായ്കൾ വളർച്ചയുടെ ഘട്ടത്തിലാണെന്നും ഒരു മാസം കൂടി കഴിഞ്ഞാൽ വിളവെടുപ്പിന് പാകമാകുമെന്നും നാസർ പറയുന്നു.
കൃഷിയോടുള്ള താൽപര്യമാണ് നാസറിനെ വ്യത്യസ്ത പഴവർഗങ്ങൾ പരീക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്. വെറും നാലുസെന്റ് പുരയിടത്തിൽ നൂറോളം പഴവർഗ ചെടികളാണ് നാസർ പരിപാലിക്കുന്നത്. വിവിധയിനം പച്ചക്കറികളും പഴവർഗങ്ങളും വീട്ടുവളപ്പിൽ തന്നെ കൃഷി ചെയ്ത് മികച്ച വിളവ് നേടുന്ന നാസറിന്റെ കൃഷിരീതി നാട്ടുകാരിലും കൗതുകമുണർത്തുന്നുണ്ട്. സഹോദരൻ കർഷക ദിനത്തിൽ മികച്ച കർഷകനുള്ള അവാർഡ് നൽകി ഗ്രാമപഞ്ചായത്ത് നാസറിനെ ആദരിച്ചിരുന്നു.