കാനഡയിൽ ഉടമസ്ഥയും വാടകക്കാരനും തമ്മിൽ നടന്ന രൂക്ഷമായ തർക്കത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ, വിഷയത്തിൽ വിശദീകരണവുമായി ഇന്ത്യൻ വംശജയായ രാജ് രംഗത്തെത്തി.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച ഇവർ, പഞ്ചാബി ഭാഷയിൽ പുറത്തുവിട്ട പുതിയ സന്ദേശത്തിലൂടെയാണ് സംഭവത്തിന്റെ യഥാർഥ വശങ്ങൾ വ്യക്തമാക്കിയത്. തർക്കത്തിനിടെ പൊലിസ് കസ്റ്റഡിയിലെടുത്ത സംഭവം രാജ് സ്ഥിരീകരിച്ചു.
തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലിസ് സംഘം എത്തിയതെന്നും, കാര്യം വ്യക്തമായതോടെ വീട്ടിലെത്തിച്ച് തന്നെ ഉടൻ തന്നെ മോചിപ്പിച്ചതായും അവർ പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
ഇത് തന്റെ ബിസിനസിനെയും വ്യക്തിജീവിതത്തെയും പ്രതികൂലമായി ബാധിച്ചുവെങ്കിലും, കഴിഞ്ഞ നാല് വർഷമായി ഒപ്പമുള്ള നാനൂറോളം ഉപഭോക്താക്കൾ തനിക്ക് പിന്തുണയുമായി എത്തിയതായി അവർ വ്യക്തമാക്കി.
മാസങ്ങളായി വാടക നൽകാതിരുന്നതിനെ തുടർന്ന് ടെനൻസി ബോർഡ് മുഖേന നിയമനടപടികൾ സ്വീകരിക്കുകയും വാടകക്കാരെ മുൻപ് തന്നെ ഒഴിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് രാജിന്റെ വാദം.
ഇതിലുള്ള വൈരാഗ്യം മൂലമാണ് പഴയ വീഡിയോകൾ പ്രചരിപ്പിക്കുന്നതെന്നും, വസ്തുവകകൾ നശിപ്പിക്കുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്തത് വാടകക്കാരാണെന്നും അവർ ആരോപിക്കുന്നു. നിലവിൽ പൊലിസും അഭിഭാഷകരും വിഷയം കൈകാര്യം ചെയ്തു വരികയാണ്.
വീടിന്റെ മുറ്റത്ത് ബാർബിക്യൂ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗങ്ങളും തമ്മിൽ ആദ്യം വാക്കേറ്റമുണ്ടായത്. അനുവാദമില്ലാതെ പ്രോപ്പർട്ടി ഉപയോഗിച്ചതിനെ രാജ് ചോദ്യം ചെയ്യുകയും ഗ്രില്ലിലെ ഭക്ഷണം മാറ്റുകയും ചെയ്തിരുന്നു.
എന്നാൽ രാജ് വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറി കല്ലെറിയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായി ആരോപിച്ച് വാടകക്കാരൻ തുടർച്ചയായ വീഡിയോകൾ പുറത്തുവിടുകയായിരുന്നു. കേസിൽ നിയമപരമായ തുടർനടപടികൾ പുരോഗമിക്കുകയാണ്.