കൊച്ചി: രാജ്യത്തെ മുൻനിര പൊതുമേഖലാബാങ്കായ കാനറ ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷം അഡീഷണല്‍ ടയര്‍ 1 (എടി1) ബോണ്ട് മാര്‍ക്കറ്റ് ഉപയോഗപ്പെടുത്തി മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനും ഭാവി വളര്ച്ചാപദ്ധതികളെ പിന്തുണയ്ക്കുന്നതിനുമായി 3500 കോടി രൂപയുടെ ഇഷ്യു ആരംഭിച്ചു.
നവംബര്‍ 28ന് എന്‍എസ്ഇയുടെ ഇലക്ട്രോണിക് ബിഡ്ഡിംഗ് പ്ലാറ്റ്ഫോമിലാണ് ഇഷ്യു ആരംഭിച്ചത്. നിക്ഷേപകരുടെ നിരന്തര ആവശ്യം നിറവേറ്റുന്നതിനായി 1000 കോടി രൂപയുടെ അടിസ്ഥാനഘടകവും 2500 കോടി രൂപയുടെ ഗ്രീന്‍ ഷൂ ഓപ്ഷനും അടിസ്ഥാനമാക്കിയുള്ള കാനറ ബാങ്ക് ബേസല്‍ III കംപ്ലയിന്റ് എടി1 ബോണ്ടുകള്‍ വഴി 3500 കോടി രൂപ വരെ സമാഹരിക്കുന്നതായി ബാങ്ക് അറിയിച്ചു.
നടപ്പ് സാമ്പത്തികവര്‍ഷം ആഭ്യന്തരവിപണിയില്‍ ആദ്യമായാണ് ഒരു ബാങ്ക് എടി1 ഇഷ്യു നടത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റെഗുലേറ്ററി മൂലധന അനുപാതങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ടയര്‍ 1, ടയര്‍ 2 ഇന്‍സ്ട്രുമെന്റുകള്‍ സംയോജിപ്പിച്ച് പ്രസ്തുത വര്‍ഷത്തേക്ക് 9500 കോടി രൂപയുടെ വിശാലമായ മൂലധന സമാഹരണ പരിപാടിയുടെ ഭാഗമാണിതെന്നും ബാങ്ക് അറിയിച്ചു.