ഭോപ്പാൽ: മരുന്നിന് പകരം ഫോർമാലിൻ കുത്തിവച്ചതിനെ തുടർന്ന് രക്താർബുദ ബാധിതനായ മൂന്നു വയസുകാരൻ മരിച്ചു. ഭോപ്പാൽ എയിംസിലാണ് സംഭവം. മധ്യപ്രദേശിലെ സാഗർ ജില്ലയിൽ നിന്നുള്ള സാർഥക് യാദവ് എന്ന കുട്ടിയാണ് മരിച്ചത്.
സംഭവത്തിൽ രണ്ട് നഴ്സുമാർക്കെതിരെ പോലീസ് കേസെടുത്തു. ഗുരുതരമായ ചികിൽസാ പിഴവ് നടന്ന് മാസങ്ങൾക്ക് ശേഷമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ആശുപത്രി അധികൃതർ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് നഴ്സുമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും അനാസ്ഥയും പുറത്തുവന്നത്.
ബയോപ്സി സാമ്പിളുകൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതും മനുഷ്യശരീരത്തിന് അങ്ങേയറ്റം ഹാനികരവുമായ ഫോർമാലിൻ എന്ന രാസവസ്തുവാണ് കുട്ടിക്ക് മാറി കുത്തിവച്ചത്. സിറിഞ്ചിൽ ഇരിക്കുന്നത് നിർദേശിച്ച മരുന്നല്ലെന്ന് കുട്ടിയുടെ പിതാവ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അത് വകവയ്ക്കാതെ ഡ്യൂട്ടി നഴ്സ് കുത്തിവെപ്പ് നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ആഭ്യന്തര അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് ബാഗ്സെവാനിയ പോലീസ്, നഴ്സുമാരായ മധുബാല ശർമ, അനുക ഗുജറാത്തി എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ മധുബാല ശർമയാണ് കുത്തിവെപ്പ് എടുത്തത്.
വാർഡിൽ രാസവസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് അനുക ഗുജറാത്തിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് എയിംസ് മാനേജ്മെന്റ് ഇരുവരേയും ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
രക്താർബുദം ബാധിച്ച് നില ഗുരുതരമായതിനെ തുടർന്ന് 2025 ഡിസംബർ 15നാണ് കുട്ടിയെ ഭോപ്പാൽ എയിംസിലെ പീഡിയാട്രിക് വാർഡിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് ചികിൽസയ്ക്കിടെ നഴ്സുമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും അനാസ്ഥയും കുട്ടിയുടെ മരണത്തിന് കാരണമായത്.