ന്യൂഡല്‍ഹി: വിവിധ കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകളുടെ പുതുക്കിയ പരമാവധി ചില്ലറ വില്പനവില (എംആര്‍പി) ഇന്നലെ പ്രാബല്യത്തിലായി.
വിദഗ്ധസമിതിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പിന്റെ ദേശീയ ഔഷധ വിലനിര്‍ണയ അഥോറിറ്റിയാണ് (എന്‍പിപിഎ) 137 കാന്‍സര്‍ ചികിത്സാ മരുന്നുകളുടെ എംആര്‍പി പുതുക്കി നിശ്ചയിച്ചത്.
679 ബ്രാന്‍ഡുകളുടെ വില 50 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്. ഒക്ടോബര്‍ 17ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡിജിഎച്ച്എസ്) ആണ് ഇതിനായി വിദഗ്ധ സമിതി രൂപവത്കരിച്ചത്.
കാന്‍സര്‍ ചികിത്സകള്ക്കായിട്ടുള്ള 1,364 മരുന്ന് സംയുക്തങ്ങള്‍ അടങ്ങിയ 85 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ 121 മരുന്നുകളാണ് 2026 നവംബര്‍ എട്ട് വരെയുള്ള കണക്കുകള്‍ പ്രകാരം പുതുക്കിയ എംആര്‍പി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എംആര്‍പി രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലക്കുറവ് 96.45 ശതമാനമാണ്. വിലക്കുറവിന്റെ ഫലമായി ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം ഏകദേശം 3,540.38 കോടി രൂപ ലാഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. മരുന്ന് പാക്കറ്റില്‍ അച്ചടിച്ചിരിക്കുന്ന പുതുക്കിയ എംആര്‍പി പരിശോധിക്കാം. അല്ലെങ്കില്‍ ഫാര്‍മ സഹി ദാം മൊബൈല്‍ ആപ്പ് വഴിയോ എന്‍പിപിഎ വെബ്സൈറ്റ് (nppa.gov.in) വഴിയോ മരുന്നുകളുടെ വില സ്ഥിരീകരിക്കാം.
കെമിസ്റ്റിനോ ആശുപത്രി ഫാര്മസിക്കോ പുതുക്കിയ എംആര്‍പിയേക്കാള്‍ കൂടുതലായി വില ഈടാക്കാന്‍ കഴിയില്ല.
പരാതികൾ അറിയിക്കാം
കാൻസർ മരുന്നുകൾക്ക് അധിക തുക ഈടാക്കുന്നതുമായും വിലനിര്ണയവുമായും ബന്ധപ്പെട്ട ഉപഭോക്തൃ പരാതികള്‍ ഫാര്‍മ ജന്‍ സമാധാന് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യുകയോ 1800-111-255 എന്ന എന്‍പിപിഎ ഹെല്പ്ലൈൻ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.