ആശയ്ക്ക് ഇനിയും ആശ വറ്റിയിട്ടില്ല. കരുണയും സഹാനുഭൂതിയുമുള്ള മനസുകൾ തങ്ങൾക്കു തുണയാകുമെന്ന പ്രതീക്ഷയിലാണ് ഈ വീട്ടമ്മ. മനസിന് ഇണങ്ങിയ ആൾക്കൊപ്പം ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയപ്പോൾ സുന്ദരമായൊരു ജീവിതമായിരുന്നു അവളുടെ മനസിൽ. ഒരു മകൾകൂടി ജീവിതത്തിലേക്കു വന്നതോടെ ഏറെ പരിമിതികളുടെ ഇടയിലും ജീവിതം സന്തോഷകരമായിരുന്നു. മേവെള്ളൂർ താഴെക്കുഴി ഒാരത്ത് കുടുംബാംഗമാണ് ആശാ ഗോപാലൻ.
ഭർത്താവ് കൂലിപ്പണിക്കു പോയാണ് കുടുംബം മുന്നോട്ടുപോയിരുന്നത്. ചില ദിവസങ്ങളിൽ പണിയുണ്ടാകില്ല. വാടക വീട്ടിലെ ജീവിതം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇടയ്ക്കിടെ അലട്ടിയതോടെ ആശ കുട്ടികൾക്കു ട്യൂഷനെടുക്കാൻ തുടങ്ങി. ഇങ്ങനെ ജീവിതത്തിന്റെ രണ്ടറ്റവും ക്ലേശകരമായി കൂട്ടിമുട്ടിച്ച് മുന്നോട്ടുപോകുന്നതിനിടയിലാണ് ആശയ്ക്ക് ചില ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങിയത്.
പരിശോധനയും ചികിത്സയുമായി ആശുപത്രികൾ കയറിയിറങ്ങുന്നതിനിടെ ഞെട്ടിക്കുന്ന ആ വാർത്ത തേടിയെത്തി. ഒരിക്കലും വരില്ലെന്നു കരുതിയിരുന്ന അർബുദം തന്നെ പിടികൂടിയിരിക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ തരിച്ചിരുന്ന ദിവസങ്ങളായിരുന്നു അത്. സ്വകാര്യ ആശുപത്രികളിൽ പോയി ചികിത്സിക്കാൻ പണമില്ലാതിരുന്നിനാൽ പാലാ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. നാലു വർഷമായി തുടരുന്ന ചികിത്സ ഇപ്പോൾ കുടുംബത്തെ ആകെ കടക്കെണിയിൽ ആക്കിയിരിക്കുകയാണ്.
കടുത്തുരുത്തി കാപ്പുന്തലയിൽ വാടക വീട്ടിലാണ് ഭർത്താവിനും ഡിഗ്രിക്കു പഠിക്കുന്ന മകൾക്കുമൊപ്പം ആശയുടെ താമസം. 19 കീമോകൾ ഇതിനകം പൂർത്തിയാക്കി. വില കൂടിയ മരുന്നുകളുമായി ഇപ്പോൾ തുടർ ചികിത്സ. ഒരു മാസം 13,000 രൂപയോളം ഈ കുടുംബം മരുന്നിനായി കണ്ടെത്തണം.
ഇതിനിടെ മകളുടെ പഠനത്തിന്റെ ചെലവുകൾ. ആകെയുള്ള വരുമാനം ഭർത്താവിന്റെ കൂലിപ്പണി മാത്രം. ചില ദിവസങ്ങളിൽ പണി ഉണ്ടാവുകയുമില്ല. മുന്നോട്ടുള്ള ചികിത്സ എങ്ങനെ കൊണ്ടുപോകുമെന്ന ആശങ്കയാണ് ഈ കുടുംബത്തെ അലട്ടുന്നത്. ചികിത്സ പൂർത്തിയാക്കിയാൽ തനിക്കു സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാനാകുമെന്ന പ്രതീക്ഷ ആശയ്ക്കുണ്ട്. നല്ല മനസുകളുടെ കരങ്ങൾ തന്നെ ജീവിതത്തിലേക്കു തിരിച്ചുപിടിച്ചുകയറ്റാനെത്തുമെന്ന ആശ വിശ്വസിക്കുന്നു.
സഹായം Deepika Charitable Trust ന്റെ South Indian Bank കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം. അക്കൗണ്ട് നമ്പർ: 00370730 00003036, IFSC: SIBL0000037. ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുമ്പോൾ ആ വിവരം [email protected] ലേക്ക് മെയിൽ അയച്ചോ (91) 93495 99068 ലേക്ക് എസ്എംഎസ് അയച്ചോ അറിയിക്കണം. സംശയങ്ങൾക്ക് (91) 93495 99068.