ന്യൂഡല്‍ഹി: നവംബര്‍ ഒമ്പത് മുതല്‍ 137 കാന്‍സര്‍ മരുന്നുകള്‍ക്ക് 70 ശതമാനം വരെ വില കുറയുമെന്നു സൂചന. നോണ്‍-ഷെഡ്യൂള്‍ഡ് വിഭാഗത്തിലുള്‍പ്പെടുന്ന ഈ കാന്‍സര്‍ പ്രതിരോധ മരുന്നുകളുടെ വ്യാപാര ലാഭപരിധി 30 ശതമാനമായി എന്‍പിപിഎ (നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അഥോറിറ്റി) പരിമിതപ്പെടുത്തിയതാണ് വിലക്കുറവിലേക്ക് നയിക്കുക.
ഇരുപതിലധികം കാന്‍സർ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ഇമ്യൂണോതെറാപ്പി മരുന്നുകള്‍ക്കും രോഗികളിലെ ന്യൂട്രോപീനിയ തടയാനുള്ള മരുന്നുകള്‍ക്കും ഇത് ബാധകമാകും.
സ്തനാര്‍ബുദം, പ്രോസ്ട്രേറ്റ്, വന്‍കുടല്‍, അണ്ഡാശയം, സെര്‍വിക്കല്‍ കാന്‍സര്‍ എന്നിവയ്ക്കുള്ള മരുന്നുകളും ഇതിലുള്‍പ്പെടുന്നു. ഡെനോസുമബ് ബെവാസിജുമാബ് ഉള്‍പ്പടെയുള്ള മരുന്നുകള്‍ക്ക് വന്‍ ഇളവുകളുണ്ടാകുമെന്നാണ് കരുതുന്നത്.
മരുന്ന് നിര്‍മാതാക്കള്‍ പുതുക്കിയ വിലനിരക്കുകള്‍ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണം. ആശുപത്രികളും ഫാര്‍മസികളും കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ നല്‍കുകയും പുതുക്കിയ നിരക്ക് പൊതുവായി പ്രദര്‍ശിപ്പിക്കുകയും വേണം.
വിതരണ തടസമില്ലാതെ മരുന്നുകള്‍ ലഭിക്കുന്നുവെന്നത് ഉറപ്പാക്കുന്നതിനായി നിലവിലെ ഉത്പാദനവും വിതരണ നിലവാരവും നിലനിര്‍ത്താന്‍ മരുന്നു കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.