കോട്ടയം: നാട്ടുകാര്‍ തൂഫാനായി. ലഹരി സംഘത്തെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ലഹരിയിലുള്ള യുവാക്കളുടെ പരാക്രമം സഹിക്കാനാകാതെ വന്നതോടെ നാട്ടുകാര്‍ യുവാക്കളെ പിടിച്ചുകെട്ടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
വാഴൂര്‍ മയിലാടുംപാറ പാറാംതോട്ടിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം പാറാംതോട്ടിലുള്ള യുവാവിന്റെ വീട്ടിലെത്തിയവര്‍ യുവാവിനൊപ്പം വഴിവക്കിലിരുന്ന് മദ്യപിച്ചതായും ലഹരി ഉപയോഗിച്ചതായും നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ ഇവര്‍ സമീപത്തെ വീടുകള്‍ക്കും നാട്ടുകാര്‍ക്കും നേരേ തിരിഞ്ഞു. പ്രദേശത്തെ ഒരു പലചരക്ക് വ്യാപാരിയെ ആക്രമിക്കുകയും ചെയ്തു. കല്ലേറില്‍ നിരവധി വീടുകളുടെ ജനല്‍ചില്ലുകളും തകര്‍ന്നു. അസഭ്യവര്‍ഷവും സംഘര്‍ഷവും തുടര്‍ന്നതോടെ ഇവരെ പിടിച്ചുകെട്ടി പോലീസില്‍ ഏല്‍പ്പിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. വാഴൂര്‍ പഞ്ചായത്തിലെ ഒരംഗവും വിവരമറിഞ്ഞു സ്ഥലത്തെത്തി. സംഘത്തെ പിടിച്ചു കെട്ടാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ക്കും പരിക്കേറ്റു. ഒടുവില്‍ നാട്ടുകാര്‍ സംഘടിച്ചാണ് ഇവരെ പിടികൂടിയത്. തുടർന്ന് യുവാക്കളെ പള്ളിക്കത്തോട് പോലീസിന് കൈമാറി. വധശ്രമത്തിന് അടക്കം കേസെടുത്ത പോലീസ് ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വാഴൂര്‍ സ്വദേശികളായ രണ്ടു സഹോദരങ്ങളെയും അയ്മനം, തിരുവനന്തപുരം സ്വദേശികളായ രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ സംഘത്തില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പത്തോളം പേരുണ്ടായിരുന്നതായും ഇവര്‍ പ്രദേശത്ത് രണ്ടു ദിവസമായി ലഹരി ഉപയോഗിച്ചശേഷം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നെന്നും നാട്ടുകാര്‍ ആരോപിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ യോഗം ചേര്‍ന്ന് പഞ്ചായത്തും പോലീസുമായി ചേര്‍ന്ന് പ്രദേശത്ത് പട്രോളിംഗ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.