ടെഹ്റാൻ: ജനുവരിയിൽ ഇറാനിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ സായുധ കലാപത്തിൽ പങ്കെടുത്തെന്നാരോപിച്ചു മൂന്നുപേരെ ഇറാൻ തൂക്കിലേറ്റി. ഹസൻ ദിയോബന്ദ്, ഹമീദ് കാസെമി, റെസാ സൻഗാനെ എന്നിവരെയാണ് വധശിക്ഷയ്ക്കു വിധേയരാക്കിയതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു.
പെട്രോൾ ബോംബുകളും ഗ്രനേഡുകളും എറിയുക, കത്തികളും തോക്കുകളും ഉപയോഗിച്ച് ആക്രമണം നടത്തുക, പൊതുസ്ഥാപനങ്ങൾക്ക് തീയിടുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരുന്നത്. ടെഹ്റാനു പടിഞ്ഞാറുള്ള കരജ് നഗരത്തിലായിരുന്നു അക്രമസംഭവങ്ങളെന്നാണ് ഔദ്യോഗിക വിശദീകരണം.
ഇസ്രയേൽ, അമേരിക്ക ബന്ധമെന്ന്
ഇസ്രയേലിന്റെ സയണിസ്റ്റ് ഭരണകൂടത്തിനും അമേരിക്കയ്ക്കും ശത്രുതാപരമായ സംഘടനകൾക്കും വേണ്ടി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന കുറ്റം സുപ്രീംകോടതി ശരിവച്ചതോടെയാണ് വധശിക്ഷ നടപ്പാക്കിയതെന്നു തസ്നിം റിപ്പോർട്ട് ചെയ്തു. ജനുവരി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്കു വിധേയരാക്കപ്പെടുന്നവരുടെ പട്ടികയിൽ ഏറ്റവും ഒടുവിലത്തേതാണ് ഈ മൂന്നുപേർ. ഇസ്രയേലുമായും അമേരിക്കയുമായും ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടവർക്കെതിരേയും സമാനമായ നടപടികൾ ഉണ്ടായിട്ടുണ്ട്.
കരജ് നഗരത്തിലെ വൈദ്യുതി വിതരണ സബ്സ്റ്റേഷനു തീയിട്ടതും ഇതുവഴി ചില പ്രദേശങ്ങളിൽ വൈദ്യുതി തടസമുണ്ടായതും പ്രതികൾക്കെതിരായ ആരോപണങ്ങളിൽ ഉൾപ്പെടുന്നു. ജനുവരി 11നാണ് ദിയോബന്ദിനെ അറസ്റ്റ് ചെയ്തത്. പൊതുമുതൽ നശിപ്പിക്കാനും അക്രമത്തിനു പ്രേരിപ്പിക്കാനും നടത്തിയ നീക്കങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇയാൾ സംശയനിഴലിലായത്. ഇയാളുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിൽ പങ്കെടുത്തെന്ന് ആരോപിച്ച് പത്തുപേരെക്കൂടി പിന്നീട് അറസ്റ്റ് ചെയ്തു. ഇവർക്ക് അഞ്ചു മുതൽ പത്തുവർഷം വരെ തടവുശിക്ഷ ലഭിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
3000 മരണം
കഴിഞ്ഞ ഡിസംബറിൽ ജീവിതച്ചെലവ് കുത്തനെ ഉയർന്നതിനെതിരായ പ്രതിഷേധമായാണ് ഇറാനിൽ പ്രക്ഷോഭം ആരംഭിച്ചത്. എന്നാൽ, വൈകാതെ അതു ഭരണകൂടത്തിനെതിരായ രാജ്യവ്യാപക പ്രക്ഷോഭമായി മാറി. ജനുവരി എട്ട്, ഒമ്പത് തീയതികളിലാണ് പ്രക്ഷോഭം അതിന്റെ ഉച്ചസ്ഥായിയിലെത്തിയത്.
പ്രക്ഷോഭത്തിലും തുടർന്നുണ്ടായ സംഘർഷങ്ങളിലും 3,000ത്തിലേറെ പേർ കൊല്ലപ്പെട്ടതായാണ് ഇറാൻ അധികൃതരുടെ കണക്ക്. അക്രമങ്ങൾക്കു പിന്നിൽ അമേരിക്കയും ഇസ്രയേലും ആസൂത്രണം ചെയ്ത ഭീകരപ്രവർത്തനങ്ങളാണെന്നാണ് ഇറാന്റെ ആരോപണം. എന്നാൽ, മനുഷ്യാവകാശ സംഘടനകൾ പുറത്തുവിട്ട കണക്കുകൾ ഇതിലും ഉയർന്നതാണ്. നിരായുധരായ പ്രതിഷേധക്കാർക്കു നേരേ സുരക്ഷാസേന വെടിയുതിർത്തതായി ഇറാനിൽനിന്നു നിരവധി ദൃക്സാക്ഷി വിവരണങ്ങൾ ലഭിച്ചിട്ടുണ്ടെന്നു ബിബിസി റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി അവസാനത്തോടെ ഇറാനെതിരായ യുഎസ്-ഇസ്രയേൽ സൈനികാക്രമണങ്ങൾ ആരംഭിച്ചതിനു ശേഷം രാജ്യത്തു വധശിക്ഷകളുടെ എണ്ണം വർധിച്ചു വരുന്നതായും റിപ്പോർട്ടുകളുണ്ട്.
വധശിക്ഷകളുടെ വർധനയിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടുർക്ക് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി മാർച്ച് 19 മുതൽ കുറഞ്ഞത് 56 പേരെയെങ്കിലും വധിച്ചതായി ഓഗസ്റ്റിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിൽ 27 പേർ ജനുവരിയിലെ രാജ്യവ്യാപക സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിൽ ശിക്ഷിക്കപ്പെട്ടവരാണ്.
2,159 വധശിക്ഷ
ചൈനയ്ക്കു പിന്നിൽ ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന രാജ്യമാണ് ഇറാനെന്നാണ് വിലയിരുത്തൽ. ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കു പ്രകാരം കഴിഞ്ഞ വർഷം ഇറാനിൽ കുറഞ്ഞത് 2,159 പേരെ വധിച്ചു. 1981നു ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിതെന്ന് മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടുന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ആരോപിച്ചു ഭരണകൂടവിരുദ്ധരെന്നു സംശയിക്കപ്പെട്ട 45 പേരുടെ വധശിക്ഷയും ഇതിൽ ഉൾപ്പെടുന്നു.