ഭൂമിയിൽ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തിൽ ആകാശത്ത് വ്യത്യസ്തമായൊരു ദീപാവലി ആഘോഷം ഒരുക്കി ശ്രദ്ധ നേടിയിരിക്കുകയാണ് പ്രദീപ് കൃഷ്ണൻ എന്ന പൈലറ്റ്. വിമാനത്തിലെ യാത്രക്കാർക്കൊപ്പം ടോർച്ച് ലൈറ്റുകൾ തെളിയിച്ചാണ് അദ്ദേഹം ദീപാവലി അവിസ്മരണീയമാക്കിയത്.
വീടുകളിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും അകലെയാണെങ്കിലും അപരിചിതരായ യാത്രക്കാർക്കൊപ്പം ആകാശത്തുവച്ച് ഒരു കുഞ്ഞു ദീപാവലി തീർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
'ദീപാവലി വെളിച്ചത്തിന്റെ ആഘോഷമാണ്, നമുക്കെല്ലാവർക്കും ഫോണിലെ ടോർച്ച് ലൈറ്റുകൾ തെളിയിച്ച് ആഘോഷിക്കാം' എന്ന അദ്ദേഹത്തിന്റെ ആഹ്വാനം യാത്രക്കാർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.
ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കപ്പെട്ട ഈ ദീപാവലി വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. പൈലറ്റിന്റെ സർഗാത്മകമായ ആശയത്തെയും സ്നേഹനിർഭരമായ സമീപനത്തെയും പ്രശംസിച്ച് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.