തൈക്കൂടം: തൈക്കൂടത്ത് കാർ അക്സസറീസ് കടയ്ക്ക് തീപിടിച്ച് കട പൂർണമായും കത്തിനശിച്ചു. വൈറ്റില-തൃപ്പൂണിത്തുറ റോഡിൽ കുന്നറ പാർക്കിന് എതിർവശത്തുള്ള കടയിലാണ് തീപിടിത്തമുണ്ടായത്.
ഇന്നലെ രാത്രി 9.30യോടെയായിരുന്നു സംഭവം. ഉത്തരേന്ത്യൻ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കട.
കടയിലെ ജോലിക്കാരും സമീപത്തുതന്നെയാണ് താമസിക്കുന്നത്. ഇവർ സംഭവമറിഞ്ഞ് എത്തിയപ്പോഴേക്കും തീ വ്യാപിച്ചിരുന്നു. കടവന്ത്ര, എറണാകുളം, മുളന്തുരുത്തി, തൃപ്പൂണിത്തുറ, തൃക്കാക്കര എന്നിവിടങ്ങളിൽ നിന്നായി അഞ്ച് യൂണിറ്റ് അഗ്നിരക്ഷാ വാഹനങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.