District News
വാഴൂർ: നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി കാർ യാത്രികരടക്കം ഏഴു പേർക്ക് പരിക്ക്.
ദേശീയപാതയിൽ വാഴൂർ പതിനേഴാംമൈലിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 1.30ഓടെ പുതിയതായി ആരംഭിച്ച അരീക്കൽതാഴെ രതീഷിന്റെ ദേവൂസ് കളക്ഷൻസ് എന്ന സ്റ്റേഷനറി കടയിലേക്കാണ് കാറി ഇടിച്ചുകയറിയത്. ഇതിനുശേഷം സമീപത്തെ ശ്രീദേവി ഹോട്ടലിലേക്ക് ഇടിച്ചു കയറിയാണ് കാർ നിന്നത്. ഹോട്ടലിന്റെ മുൻഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
കൊടുങ്ങൂർ ഭാഗത്തുനിന്നു കാഞ്ഞിരപ്പള്ളിയിലേക്ക് പോയ കാളകെട്ടി സ്വദേശികൾ സഞ്ചരിച്ച കാർ ദിശതെറ്റി കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കടയ്ക്ക് മുന്പിൽ നിന്ന രതീഷ് ചന്ദ്രൻ (43), ബന്ധു തുമരംപാറ പുത്തൻവീട്ടിൽ രഞ്ജിത്ത് (42), സമീപത്തെ ഹോട്ടലുമടമ അഖിൽ മുരളിയുടെ മകൾ നൈനിക (ഒന്നര), കട ഉദ്ഘാടനത്തിനുവന്ന രതീഷിന്റെ സുഹൃത്തിന്റെ മകൻ ഷാവോ (അഞ്ച്), കാർ യാത്രികരായ ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, സെബി മാത്യു (45), കാളകെട്ടി സ്വദേശി ചാൾസ് ജോസഫ് (61) എന്നിവർക്കാണ് പരിക്കേറ്റത്.
സാരമായി പരിക്കേറ്റ രതീഷിനെയും രഞ്ജിത്തിനെയും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
അപകടത്തിൽ ഇരുചക്രവാഹനങ്ങളും തകർന്നു. സംഭവത്തിൽ പള്ളിക്കത്തോട് പോലീസ് മേൽനടപടി സ്വീകരിച്ചു.
District News
എരുമേലി: ശബരിമല ദർശനത്തിന് പോവുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് ദിശാബോർഡിൽ ഇടിച്ച് അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ പുലർച്ചെ എരുമേലി ടൗണിൽ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. കർണാടക സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിനിടയാക്കിയത്. പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിരുന്ന ദിശാ ബോർഡ് ഇടിച്ചു തകർന്ന നിലയിലാണ്.
District News
എരുമേലി: ശബരിമല സീസണിൽ പോലീസുകാർക്ക് ട്രാഫിക് ഡ്യൂട്ടിക്കിടെ വിശ്രമത്തിനായി സ്ഥാപിച്ചിരുന്ന വെയ്റ്റിംഗ് ഷെഡിലേക്ക് നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ചുകയറി. അപകടത്തിൽ ആർക്കും പരിക്കില്ല.
എരുമേലി രാജാപടി ഭാഗത്ത് റോഡരികിലുള്ള വെയ്റ്റിംഗ് ഷെഡിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം. കാഞ്ഞിരപ്പള്ളി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തില് തകര്ന്ന വെയ്റ്റിംഗ് ഷെഡ് പുനർനിർമിച്ചു നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തൊഴിലാളികൾ ഉൾപ്പെടെ പകൽസമയത്ത് ഒട്ടേറെ പേർ വെയ്റ്റിംഗ് ഷെഡിൽ ഇരിക്കാറുണ്ട്. അപകട സമയത്ത് വെയ്റ്റിംഗ് ഷെഡിൽ ആരും ഇല്ലാതിരുന്നത് വലിയ ആപത്ത് ഒഴിവാക്കി.
District News
മട്ടന്നൂർ: നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിലിടിച്ച് അപകടം. ഉത്തിയൂരിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
മട്ടന്നൂർ ഭാഗത്ത് നിന്ന് മരുതായി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
District News
മൂലമറ്റം: അറക്കുളം ക്രൗണ് പ്ലാസ ഓഡിറ്റോറിയത്തിന് സമീപം നിയന്ത്രണംവിട്ട കാര് റോഡരികിലെ കലുങ്കില് ഇടിച്ച് യാത്രക്കാരായ ആറുപേര്ക്ക് പരിക്കേറ്റു. തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയില് ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. കെഎസ്ഇബി എന്ജനിയറായ വെള്ളിയാമറ്റം പൂച്ചപ്ര പതിക്കല് ജി. ദേവദത്തും കുടുംബവും സഞ്ചരിച്ച കാര് നിയന്ത്രണംവിട്ട് റോഡരികിലെ കലുങ്കില് ഇടിക്കുകയായിരുന്നു.
ദേവദത്ത് (44), ഭാര്യ വീണ (40), മാതാവ് സരസ്വതി (67), മക്കളായ പത്മ (12), ദ്രുവ (11), ജാന്വി (8) എന്നിവര്ക്ക് അപകടത്തില് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഒരു കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും ബാക്കിയുളളവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില് കലുങ്ക് റോഡില്നിന്ന് അകന്നുമാറുകയും കാറിന്റെ മുന്ഭാഗം പൂര്ണമായും തകരുകയും ചെയ്തു. യാത്രക്കാര് കാറില് കുരുങ്ങിയ നിലയിലായിരുന്നു. സ്ഥലത്തെത്തിയ മൂലമറ്റം അഗ്നിരക്ഷാസേന, കാഞ്ഞാര് പോലീസ്, സമീപത്ത് താമസിക്കുന്ന പഞ്ചായത്തംഗം പി.എ. വേലുക്കുട്ടന് എന്നിവരുടെ നേതൃത്വത്തില് ഏറെ പണിപ്പെട്ടാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയില് എത്തിച്ചത്.
അപകടത്തെത്തുടര്ന്ന് റോഡില് ചിതറിക്കിടന്ന വാഹനഭാഗങ്ങള് സേനയുടെ നേതൃത്വത്തില് വെള്ളം പമ്പ് ചെയ്തു നീക്കം ചെയ്തു. കൂടാതെ മറ്റു വാഹനങ്ങള് തെന്നിമറിയാതിരിക്കാന് റോഡിലെ ഓയിലില് മരപ്പൊടി വിതറി അപകടാവസ്ഥ ഒഴിവാക്കുകയും ചെയ്തു. സ്റ്റേഷന് ഓഫീസര് ടി.കെ. അബ്ദുള് അസീസിന്റെ നേതൃത്വത്തില് സേനാംഗങ്ങളായ ബിബിന് എ. തങ്കപ്പന്, ടി.ആര്. ജിനേഷ്, കെ. പ്രശാന്ത്, എം.വി. അരുണ്, എന്. സതീഷ് കുമാര് എന്നിവരാണ് രക്ഷാപ്രവര്ത്തനം നടത്തിയത്.
District News
അരുണാശേരി: അമിതവേഗത്തിലെത്തിയ കാര് ഓട്ടോയിലും മറ്റൊരു കാറിലുമിടിച്ച് അപകടം. ഇന്നലെ രാവിലെ അരുണാശേരി-കാട്ടാമ്പാക്ക് റോഡില് കൂവേലി ജംഗ്ഷനിലാണ് അപകടം. കാര് അമിതവേഗതയിലെത്തിയതാണ് അപകടകാരണമെന്ന് നാട്ടുകാര് പറഞ്ഞു.
പഞ്ചായത്തംഗം സജിമോള് ജോസഫിന്റെ ഭര്ത്താവ് ഓടിച്ച ഓട്ടോറിക്ഷയാണ് അപകടത്തില്പ്പെട്ടത്. അപകടത്തില് ആര്ക്കും ഗുരുതര പരിക്കില്ല.
District News
പാന്പാടി: നിയന്ത്രണംവിട്ട കാർ വീടിനു മുൻ ഭാഗത്തേക്ക് ഇടിച്ചുകയറി. കൂരോപ്പടയിൽനിന്നു പാമ്പാടിയിലേക്കു പോയ കാറാണ് നിയന്ത്രണംവിട്ടു പാറാമറ്റം പുതുപ്പറമ്പിൽ വിനോദിന്റെ വീടിനു മുൻഭാഗത്ത് ഇടിച്ചത്.
ഇന്നലെ രാവിലെ 9.30 നായിരുന്നു സംഭവം. വിനോദും ഭാര്യയും കുട്ടികളും വീടിനുള്ളിലായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
സംഭവത്തിൽ ആർക്കും പരിക്കില്ല. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
District News
തളിക്കുളം: ദേശീയപാതയിൽ പുത്തൻതോട് സെന്ററിൽ വാഹനാപകടം. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന അഞ്ച് യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റു. ബംഗളൂരു സ്വദേശി ആചര്യ വീട്ടിൽ ബ്രമയ മകൻ ഹാരീഷ് (46), ഭാര്യ ബിസ്മി ഹാരിഷ്, കരുനാഗപ്പള്ളി രാജ്ഭവൻ വീട്ടിൽ ഗിരീഷ് (45), ഭാര്യ ആർഷ, മോണി എന്നിവർക്കാണ് പരിറ്റേത്. ഇവരെ തളിക്കുളം മെക്സിക്കാന, വലപ്പാട് മിറാക്കിൾ, തൃപ്രയാർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ ആയിരുന്നു അപകടം.
District News
എടത്വ: പാലത്തില് കയറുന്നതിനിടെ നിയന്ത്രണം വിട്ട കാര് പോസ്റ്റിലിടിച്ചു. യാത്രക്കാര് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഫയര്ഫോഴ്സ് എത്തി കാര് വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. കാര് ഓടിച്ചിരുന്ന ചെറുതന സ്വദേശി ഉണ്ണികൃഷ്ണന്, തെന്നടി സ്വദേശി മജിനു എന്നിവരാണ് കാറിലുണ്ടായിരുന്നത്.
എടത്വ-തകഴി സംസ്ഥാന പാതയില് ചെക്കിടിക്കാട് പറത്തറ പാലത്തില് തിങ്കളാഴ്ച രാത്രി 12നാണ് അപകടം നടന്നത്. തകഴി ഭാഗത്തുനിന്നു വന്ന കാര് പാലത്തിന്റെ അപ്രോച്ചില് തട്ടി നിയന്ത്രണം വിട്ട് മരത്തില് ഇടിച്ച് നില്ക്കുകയായിരുന്നു. കാറിന്റെ മുന്ഭാഗം പൂര്ണമായി തകര്ന്നു. ഇടിയുടെ ആഘാതത്തില് കാറിനുള്ളിലെ എയര് ബാഗ് മൂലം ഇരുവര്ക്കും പരിക്കുകള് കൂടാതെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
തകഴിയില്നിന്ന് എത്തിയ ഫയര്ഫോഴ്സാണ് കാര് വെട്ടിപ്പൊളിച്ച് ഇരുവരെയും പുറത്തിറക്കിയത്. എടത്വ പോലീസ് സ്ഥലത്തെത്തി മേല്നടപടി സ്വീകരിച്ചു. പാലവും അപ്രോച്ച് റോഡുമായുള്ള ഉയരവ്യത്യാസം മൂലം ഈ സ്ഥലത്ത് നിരവധി അപകടങ്ങള് നടക്കാറുണ്ട്. ലോഡുമായി പോകുന്ന ഹെവി ടോറസ് വാഹനങ്ങള് കയറിയാണ് പാലത്തിന്റെ അപ്രോച്ച് താഴുന്നതെന്ന് നാട്ടുകാര് പറയുന്നു.