കൊല്ലം: വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ സംഘത്തിന്റെ തീ തുപ്പുന്ന കാർ നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. ഒടുവിൽ വാഹനം പൂയപ്പള്ളി പൊലിസ് കസ്റ്റഡിയിലെടുത്തു. വാഹനം തിരിച്ചറിയാതിരിക്കാൻ പിന്നിലെ നമ്പർ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. കാറോടിച്ച കല്ലുവാതുക്കൽ സ്വദേശി കെവിൻ ഷിബുവിനെതിരെ പൊലിസ് കേസെടുത്തു.
കഴിഞ്ഞദിവസം രാവിലെ പൂയപ്പള്ളി നാൽക്കവലയിൽ ഉള്ള ഓഡിറ്റോറിയത്തിലെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ കല്ലുവാതുക്കൽ സ്വദേശിയുടെ കാറാണ് തീതുപ്പി പരിഭ്രാന്തി പരത്തിയത്. സ്ത്രീകൾ, കുട്ടികൾ എന്നിവരുമായാണ് കാർ ഓഡിറ്റോറിയത്തിൽ എത്തിയത്. പൂയപ്പള്ളി - കൊല്ലം റോഡിൽ ഓഡിറ്റോറിയത്തിന് മുന്നിലായിരുന്നു അഭ്യാസപ്രകടനം. വലിയ ശബ്ദത്തോടെ കാറിന്റെ പുക കുഴലിലൂടെ തീ തുപ്പുകയായിരുന്നു. ഇതുവഴി എത്തിയ മറ്റു യാത്രക്കാരും നാട്ടുകാരും ഇത് കണ്ട് പരിഭ്രാന്തരായി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പൂയപ്പള്ളി പൊലിസ് കാർ കസ്റ്റഡിയിലെടുത്തു.
വാഹനം ഇന്ന് കോടതിയിൽ ഹാജരാക്കും. നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിന് പൊലിസ് കത്തു നൽകി. കാറിൽ ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക സ്വിച്ച് ഉപയോഗിച്ചാണ് തീ തുപ്പുന്നത്. അഭ്യാസപ്രകടനം നടത്തുന്ന സമയത്ത് വാഹനം തിരിച്ചറിയാതിരിക്കാൻ പിൻവശത്തെ നമ്പർ പ്ലേറ്റ് ബോർഡ് ഉപയോഗിച്ച് മറയ്ക്കും. ഇതിനായി പ്രത്യേക ബോർഡ് തയാറാക്കി വാഹനത്തിൽ സൂക്ഷിച്ചിരുന്നതായും പൊലിസ് കണ്ടെത്തി.