തിരുവനന്തപുരം: പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന വാഹനാപകടങ്ങൾ സംസ്ഥാനത്ത് പതിവായിട്ടും റോഡിലെ അപകടകരമായ നിയമലംഘനങ്ങൾ തുടരുന്നു. തിരുവനന്തപുരം കഴക്കൂട്ടത്ത് ദേശീയപാത ഫ്ലൈഓവറിലാണ് ഞെട്ടിക്കുന്ന സംഭവം. മൂന്നോ നാലോ വയസ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഡ്രൈവർ സീറ്റിൽ അച്ഛന്റെ മടിയിലിരുത്തി കാറിന്റെ സ്റ്റിയറിംഗ് നിയന്ത്രിക്കാൻ അനുവദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
മണിക്കൂറിൽ 80-100 കിലോമീറ്റർ വേഗതയിലാണ് കാർ പാഞ്ഞത്. കഴക്കൂട്ടം അനന്തപുരി ആശുപത്രിക്ക് മുന്നിലുള്ള ഫ്ലൈഓവറിലാണ് സംഭവം. സമീപത്തുകൂടി വന്ന മറ്റൊരു കാറിലുള്ളവരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. തങ്ങൾ വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കാറിന്റെ വേഗത വീണ്ടും കൂട്ടുകയായിരുന്നു. കൊല്ലം ഇളമ്പൽ സ്വദേശികളാണ് വീഡിയോ പകർത്തിയത്.