ലണ്ടൻ: ഇസ്രയേൽ-ഗാസ യുദ്ധം പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നതായി ഗവേഷകർ. യുദ്ധവുമായി ബന്ധപ്പെട്ട സൈനിക നടപടികളും നിർമാണ പ്രവർത്തനങ്ങളും വഴി ഏകദേശം 3.3 കോടി ടൺ കാർബൺ ഡൈ ഓക്സൈഡിനു തുല്യമായ വാതകങ്ങൾ അന്തരീക്ഷത്തിൽ കലർന്നതായി ഗവേഷകർ വെളിപ്പെടുത്തുന്നു. വൺ എർത്ത്- എന്ന ശാസ്ത്ര ജേണലാണു ഞെട്ടിക്കുന്ന പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ക്വീൻ മേരി യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെയും ലങ്കാസ്റ്റർ യൂണിവേഴ്സിറ്റിയിലെയും ഗവേഷകരാണു പഠനം നടത്തിയത്. യുദ്ധകാലയളവിൽ ഉണ്ടായ കാർബൺ പുറന്തള്ളൽ ജോർദാൻ എന്ന രാജ്യം ഒരു വർഷം പുറത്തുവിടുന്ന മലിനീകരണത്തിനു തുല്യമാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ഏകദേശം 76 ലക്ഷം പെട്രോൾ കാറുകൾ ഒരു വർഷം ഓടുമ്പോഴുണ്ടാകുന്ന മലിനീകരണത്തിനു സമാനമാണിത്. 3.3 കോടി ഏക്കർ വനഭൂമിക്ക് ഒരു വർഷം കൊണ്ട് ആഗിരണം ചെയ്യാവുന്നത്രയും കാർബൺ ആണിതെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
സൈനിക നടപടി പതിമൂന്ന് ലക്ഷം ടണ്ണിലധികം കാർബൺ പുറന്തള്ളലിനു കാരണമായിട്ടുണ്ട്. മിസൈലുകൾ, റോക്കറ്റുകൾ, മറ്റ് അത്യാധുനിക യുദ്ധോപകരണങ്ങൾ എന്നിവയുടെ ഉപയോഗം ഉൾപ്പെടെയാണിത്. കൂടാതെ, പ്രതിരോധ സംവിധാനങ്ങളുടെ നിർമാണം, തകർന്ന റോഡുകളുടെയും കെട്ടിടങ്ങളുടെയും പുനർനിർമാണം എന്നിവയും അന്തരീക്ഷത്തിലെ കാർബൺ തോത് വർധിപ്പിക്കാൻ കാരണമായി.
അന്താരാഷ്ട്രതലത്തിൽ ഇത്തരം മലിനീകരണ കണക്കുകൾ സുതാര്യമാക്കണമെന്നാണ് ഗവേഷകരുടെ ആവശ്യം. യുദ്ധങ്ങൾ മനുഷ്യജീവനും സാമ്പത്തിക വ്യവസ്ഥയ്ക്കും ഉണ്ടാക്കുന്ന ആഘാതം ചർച്ച ചെയ്യപ്പെടാറുണ്ടെങ്കിലും, അവയുണ്ടാക്കുന്ന പരിസ്ഥിതിനാശം പലപ്പോഴും അവഗണിക്കപ്പെടുകയാണെന്ന് മുഖ്യ ഗവേഷകൻ ബെഞ്ചമിൻ നെയ്മാർക്ക് പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ റിപ്പോർട്ടുകളിൽ പോലും സൈനിക മേഖലയിൽനിന്നുള്ള കാർബൺ പുറന്തള്ളൽ കൃത്യമായി രേഖപ്പെടുത്താറില്ലെന്നും ഗവേഷസംഘം.