ടെക്നോളജി ലോകത്ത് കാൽ നൂറ്റാണ്ടോളമുള്ള കരിയറിനും അനുഭവസമ്പത്തിനും ശേഷം തികച്ചും വ്യത്യസ്തമായ ഒരു തൊഴിൽമേഖല സ്വീകരിച്ച് അത്ഭുതപ്പെടുത്തുകയാണ് കൊളറാഡോ സ്വദേശിയായ ജെയിംസ് സ്ട്രോൺ.
ആഗോള പ്രമുഖ കമ്പനിയായ അഡോബി ഡിജിറ്റൽ വീഡിയോയിൽ സീനിയർ സോഫ്റ്റ്വെയർ ക്വാളിറ്റി എഞ്ചിനീയറായിരുന്ന അദ്ദേഹം, ജോലി നഷ്ടപ്പെട്ട് ഒരു വർഷത്തിലേറെ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സ്കൂൾ ബസ് ഡ്രൈവറായി ജീവിതത്തിന്റെ പുതിയൊരു അധ്യായം കുറിച്ചത്.
ലേഓഫിന് ശേഷം അനുയോജ്യമായ മറ്റൊരു തൊഴിൽ കണ്ടെത്താൻ നിരന്തരം ശ്രമിച്ചെങ്കിലും ഐടി മേഖലയിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനയും പ്രായവിവേചനവുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം ലിങ്ക്ഡ്ഇനിലൂടെ വ്യക്തമാക്കുന്നു.
മുൻ കരിയറിനെ അപേക്ഷിച്ച് വേതനം വളരെ കുറവാണെങ്കിലും, കമ്പ്യൂട്ടർ സ്ക്രീനുകൾക്ക് മുന്നിലെ മാനസിക സമ്മർദ്ദങ്ങളേക്കാൾ 40 അടി നീളമുള്ള ബസ് ഓടിക്കുന്നതാണ് ഇപ്പോൾ ഏറെ ആശ്വാസവും സന്തോഷവും നൽകുന്നതെന്ന് അദ്ദേഹം പങ്കുവെച്ചു.
പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും നന്ദി അറിയിച്ച അദ്ദേഹം, തന്നെ തള്ളിപ്പറഞ്ഞ കോർപ്പറേറ്റ് സംസ്കാരത്തിന് മികച്ചൊരു ഭാവിയിലേക്കുള്ള വാതിൽ തുറന്നുതന്നതിന് കടപ്പാടും രേഖപ്പെടുത്തി.
സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയ ഈ അനുഭവം കോർപ്പറേറ്റ് ലോകത്തെ കടുത്ത യാഥാർഥ്യങ്ങളിലേക്ക് വിരൽചൂണ്ടുന്നു. ഐടി രംഗത്ത് മുതിർന്ന ജീവനക്കാർ നേരിടുന്ന പ്രായവിവേചനത്തെക്കുറിച്ചും എഐ സാങ്കേതികവിദ്യയുടെ കടന്നുവരവോടെ ഉണ്ടാകുന്ന തൊഴിൽ നഷ്ടങ്ങളെക്കുറിച്ചും വലിയ ചർച്ചകൾക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്.
വർഷങ്ങളുടെ പ്രവൃത്തിപരിചയമുണ്ടായിട്ടും പിടിച്ചുനിൽക്കാൻ മറ്റ് നിസാര ജോലികൾ ചെയ്യേണ്ടി വരുന്ന നിരവധി പ്രൊഫഷണലുകളുടെ സമാന അനുഭവങ്ങളും ഇതിനോടകം പുറത്തുവന്നുകൊണ്ടിരിക്കുന്നു.