നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഷാർജയിലേക്ക് ഇൻഡിഗോയുടെ ഷെഡ്യൂൾഡ് ചരക്കുവിമാന സർവീസ് ആരംഭിച്ചു. എയർബസ് എ 321 വിഭാഗത്തിലുള്ള ചരക്കുവിമാനമാണ് കൊച്ചി-ഷാർജ റൂട്ടിൽ സർവീസ് നടത്തുന്നത്.
നിലവിൽ ആഴ്ചയിൽ ഒരു സർവീസാണ് ഉണ്ടാകുക. തുടർന്ന് സർവീസുകളുടെ എണ്ണം ആഴ്ചയിൽ മൂന്നായി ഉയർത്താനാണു പദ്ധതി.
വാണിജ്യ ചരക്കുകൾക്കും സമയബന്ധിതമായി എത്തിക്കേണ്ട ചരക്കുകൾക്കും പുതിയ സർവീസ് പ്രയോജനപ്പെടും. ഷാർജ വഴി യുഎഇയിലെയും ഗൾഫ് മേഖലയിലെയും മറ്റു വിപണികളിലേക്കും ചരക്കുകൾ എത്തിക്കുന്നതിനു കയറ്റുമതിക്കാർക്ക് കൂടുതൽ സൗകര്യമൊരുങ്ങും.
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കൊച്ചിയെ ഒരു പ്രധാന ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഇത്തരം അന്താരാഷ്ട്ര കാർഗോ കണക്ടിവിറ്റി പിന്തുണ നൽകുമെന്നും കേരളത്തിലെ കയറ്റുമതിക്കാർക്കും വ്യവസായങ്ങൾക്കും ഗൾഫ് വിപണികളിലേക്കു ചരക്കുകൾ എത്തിക്കുന്നതിന് പുതിയ സർവീസ് കൂടുതൽ അവസരമൊരുക്കുമെന്നും സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.
പഴങ്ങൾ, പച്ചക്കറികൾ ഉൾപ്പടെയുള്ള പെരിഷബിൾസ്, സമുദ്രോത്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, വസ്ത്രങ്ങൾ, സമയബന്ധിതമായി കൈകാര്യം ചെയ്യേണ്ട മറ്റു വാണിജ്യ ചരക്കുകൾ എന്നിവ സിയാലിന്റെ കാർഗോ സൗകര്യങ്ങളിലൂടെ കൈകാര്യം ചെയ്യുന്നുണ്ട്.
കയറ്റുമതി, വ്യാപാര-ലോജിസ്റ്റിക്സ് മേഖലകളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ പരിഗണിച്ച് കാർഗോ അടിസ്ഥാനസൗകര്യങ്ങളും എയർലൈൻ ശൃംഖലയും വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സിയാൽ തുടരുകയാണ്.
സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സിയാൽ എയർപോർട്ട് ഡയറക്ടർ ജി. മനു, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സജി ഡാനിയേൽ, സന്തോഷ് ജെ. പൂവാട്ടിൽ, കാർഗോ ഹെഡ് സതീഷ് കുമാർ പൈ, ഇൻഡിഗോ കാർഗോ വൈസ് പ്രസിഡന്റ് വിപിൻ കുമാർ മോഹ്ല, ഇൻഡിഗോ അസോസിയറ്റ് വൈസ് പ്രസിഡന്റ്-സെയിൽസ് (വെസ്റ്റ് ആൻഡ് സൗത്ത്) ബിജു ശങ്കർ, ഡയറക്ടർ-കാർഗോ ഓപ്പറേഷൻസ് (വെസ്റ്റ് ആൻഡ് സൗത്ത്) ജുബിലന്റ് ജോൺസൺ, ഡയറക്ടർ-സെയിൽസ് (നോർത്ത് ആൻഡ് ഈസ്റ്റ്) സതീഷ് മിശ്ര എന്നിവർ പങ്കെടുത്തു.