തിരുവനന്തപുരം: കോട്ടയം കാരിത്താസ് ആശുപത്രിയുടെ ആഭിമുഖ്യത്തില് നിയമസഭാ സാമാജികള്ക്കായി ആരോഗ്യസഭ എന്ന പേരില് ഇന്നും നാളെയും മെഡിക്കല് ക്യാമ്പ് നടത്തും. നിയമസഭ അങ്കണത്തില് നടക്കുന്ന ക്യാമ്പില് മൊബൈല് മാമോഗ്രാം യൂണിറ്റിന്റെയും മൊബൈല് കാര്ഡിയോളജി യൂണിറ്റിന്റെയും സൗജന്യ പരിശോധനാ സേവനം ലഭിക്കും.
കേരളത്തിന്റെ ജനകീയ ആരോഗ്യ രംഗം കാര്യക്ഷമമാക്കുന്നതിനു വേണ്ടിയാണ് കാരിത്താസ് ആശുപത്രിയുടെ സഞ്ചരിക്കുന്ന വിവിധ ആരോഗ്യപരിചരണ സേവനങ്ങള്ക്ക് കഴിഞ്ഞദിവസം തുടക്കംകുറിച്ചത്. പദ്ധതികളുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് കഴിഞ്ഞ ദിവസം നിര്വഹിച്ചിരുന്നു.
കാരിത്താസിന്റെ സേവനം ശ്ലാഘനീയം: സ്പീക്കർ
തിരുവനന്തപുരം: നിയമസഭാംഗങ്ങള്ക്കായി കാര്ഡിയോളജി, മാമോഗ്രാം സ്ക്രീനിംഗ് സൗജന്യപരിശോധനകള് സംഘടിപ്പിക്കാന് കാരിത്താസ് ആശുപത്രി മുന്നോട്ടു വന്നതില് വളരെയധികം സന്തോഷമുണ്ടെന്നും കാരിത്താസിന്റെ സേവനം ഏക്കാലവും അനുകരണീയമാണെന്നും സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന്. ആതുരസേവനരംഗത്തു കേരളത്തിനു തന്നെ മാതൃകയായി വിലസുന്ന കാരിത്താസ് ആശുപത്രി നിയമസഭ സമാജികര്ക്കായി സൗജന്യപരിശോധനയ്ക്കായി താത്പര്യം അറിയിക്കുകയായിരുന്നു. പൊതുജനസേവകനെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കാരിത്താസുമായി വളരെ കാലമായി ഹൃദ്യമായ ബന്ധമുണ്ട്.
ഇന്ന് നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് ഒരു മണിക്കൂര് മുമ്പ് കൃത്യം എട്ടിനു തന്നെ കാരിത്താസ് ആശുപത്രി നിയമസഭാ മന്ദിരത്തിലെ പ്രത്യേക മുറിയില് പരിശോധന ആരംഭിക്കും. രണ്ടാം ഘട്ടത്തില് എംഎല്എമാരുടെ ആഗ്രഹപ്രകാരം സേവനം നല്കാമെന്ന് കാരിത്താസ് അറിയിച്ചിട്ടുണ്ട്.
ഇത്തരമൊരു സേവനവുമായി കാരിത്താസ് പോലുള്ള ആശുപത്രി എത്തുന്നതില് സ്പീക്കര് എന്ന നിലയില് അഭിമാനമുണ്ട്. നിലവില് കാരിത്താസ് മാത്രമാണ് രംഗത്തു വന്നിട്ടുണ്ട്.
മറ്റ് ആശുപത്രികളുടെ സേവനം ലഭിച്ചാല് അതും നിയമസഭാംഗങ്ങള്ക്കായി പ്രയോജനപ്പെടുത്തും. ആശുപത്രികളുടെ സേവനങ്ങളെ കോ-ഓര്ഡിനേറ്റ് ചെയ്ത് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ആദ്യമായിട്ടാണ് ഇത്തരമൊരു സേവനം നിയമസഭാംഗങ്ങള്ക്കായി ലഭ്യമാകുതെന്നും അദ്ദേഹം പറഞ്ഞു.