വാഴക്കുളം: വാഴക്കുളം ടൗണിന്റെ കിഴക്കേ ഭാഗത്ത് കാർമൽ കവലയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടികൾ മഞ്ഞള്ളൂർ പഞ്ചായത്ത് ആരംഭിച്ചു. വാഴക്കുളം ടൗണിനു സമാന്തരമായി ബൈപാസ് റോഡിനു സമീപം കിഴക്കു പടിഞ്ഞാറായി ഒഴുകിയിരുന്ന ചന്തത്തോട് കൈയേറിയ വ്യക്തികളിൽനിന്ന് തിരികെയെടുത്ത് പുനഃസ്ഥാപിക്കുമെന്ന് പഞ്ചായത്തു പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ അറിയിച്ചു.
വർഷങ്ങൾക്കു മുമ്പത്തെ തോടിന്റെ യഥാർഥ രൂപവും വീതിയും വീണ്ടെടുക്കാനും തീരുമാനമായിട്ടുണ്ട്. പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനിയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, എംവിഐപി അസിസ്റ്റന്റ് എൻജിനിയർ തുടങ്ങിയവർ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഇന്നലെ പ്രാഥമിക തലത്തിൽ പരിശോധന നടത്തി. ചന്തത്തോടിന്റെ സ്വാഭാവികമായ ഒഴുക്കിനും വീതിക്കും മാറ്റം വന്നതാണ് പ്രദേശത്തെ വെള്ളക്കെട്ടിന് പ്രധാന കാരണമായതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അതതു പ്രദേശത്തെ വ്യക്തികൾ സൗകര്യത്തിനനുസരിച്ച് ചന്തത്തോട് കൈയേറിതോടെ തോടിന്റെ യഥാർഥ വീതി കുറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടിട്ടുണ്ട്.
ഉയർന്ന പ്രദേശമായ ഇൻഫന്റ്റ് ജീസസ്, കാർമൽ സ്കൂൾ ഭാഗത്ത് നിന്നുള്ള വെളളം പഴയ പിഡബ്ല്യുഡി റോഡിലെത്തുന്നുണ്ട്. പേരിനു മാത്രമായി നിലവിലുള്ള ചന്തത്തോട്ടിലെത്തുന്ന വെള്ളം വീതി കുറഞ്ഞ് ഓടയായി മാറിയ തോട്ടിലൂടെ സുഗമമായി ഒഴുകിപ്പോകാത്തതിനാലാണ് ടൗണിൽ വെള്ളക്കെട്ടുണ്ടാകുന്നത്.
തൊടുപുഴ - മുവാറ്റുപുഴ സംസ്ഥാന പാതയ്ക്കു സമാന്തരമായി ഒഴുകുന്ന ചന്തത്തോടിന്റെ ഗതി സ്വകാര്യ വ്യക്തികൾ സൗകര്യങ്ങൾക്കനുസരിച്ച് മാറ്റിയതും പ്രശ്നം സൃഷ്ടിച്ചു. കെഎസ്ടിപി റോഡിൽ മറ്റൊരു കലുങ്ക് നിർമിക്കുന്നതിനും പഴയ പിഡബ്ല്യുഡി റോഡിൽനിന്ന് പുതിയ പിഡബ്ല്യുഡി റോഡ് കടന്ന് നേർരേഖയിൽ കലുങ്ക് നിർമിക്കുന്നതിനുമുള്ള നിർദേശം പിഡബ്ല്യുഡി അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്.
പരിശോധനയുടെ അടിസ്ഥാനത്തിൽ ചന്തത്തോടിന്റെ യഥാർഥ വീതി അതാതു പ്രദേശത്തെ രേഖകൾ പ്രകാരം കണ്ടെത്തി കൈയേറ്റം നടത്തിയിട്ടുള്ള ഭാഗങ്ങളിലെ നിർമാണങ്ങൾ പൊളിച്ചുനീക്കി തോടിന്റെ സ്വാഭാവികമായ ഒഴുക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളാണ് പഞ്ചായത്ത് ആരംഭിച്ചിട്ടുള്ളത്.