കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴുമതിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. പ്രോസിക്യൂഷന് അനുമതി നല്‍കിയ വിവാദ ഉത്തരവില്‍ കെ. ബിജു ഐഎഎസ് ചൊവ്വാഴ്ച പുതിയ മാപ്പപേക്ഷ സമര്‍പ്പിച്ചിരുന്നു.
വേണ്ടത്ര ശ്രദ്ധയോ ആലോചനയോ വിവേചനബുദ്ധിയോ ഇല്ലാതെയാണ് ആദ്യ ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാല്‍ ആ ഉത്തരവില്‍ ഒരിക്കലും ഉള്‍പ്പെടുത്താന്‍ പാടില്ലാത്ത ചില നിരീക്ഷണങ്ങള്‍ കടന്നുകൂടാന്‍ ഇടയായെന്നും പുതിയ സത്യവാഗ്മൂലത്തില്‍ പറയുന്നുണ്ട്. പുതിയ ഉത്തരവ് മനസിരുത്തിയാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും ആദ്യ ഉത്തരവിലെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്ക് മാപ്പു പറയുന്നതായും കെ. ബിജു വ്യക്തമാക്കി.
നേരത്തെ കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നേരിട്ടു ഹാജരായി മാപ്പപേക്ഷ നല്‍കിയിരുന്നെങ്കിലും ശരിയായ രീതിയിലല്ല മാപ്പപേക്ഷ തയാറാക്കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എ. ബദറുദീന്‍ ഇത് സ്വീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് വീണ്ടും മാപ്പപേക്ഷ നല്‍കിയത്.
കശുവണ്ടി ഇറക്കുമതി അഴിമതി കേസിലെ മുഖ്യ പ്രതിയായ ഐഎന്‍ടിയുസി നേതാവ് ആര്‍.ചന്ദ്രശേഖരന്‍, കശുവണ്ടി വികസന കോര്‍പറേഷന്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ.രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കുന്നതില്‍ പുറത്തിറക്കിയ ഉത്തരവാണ് കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങിയത്.