തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയർന്ന ഫണ്ടു തട്ടിപ്പു വിവാദത്തിൽ കടുത്ത അതൃപ്തിയിൽ ബിജെപി ദേശീയ നേതൃത്വം. ഫണ്ടു തട്ടിപ്പു നടന്നെന്നു വ്യക്തമായിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ സംസ്ഥാന ബിജെപിയിൽ തന്നെ ശക്തമായ അമർഷം നിലനിൽക്കുകയാണ്.
കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിലെ പൊതുവികാരം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സംസ്ഥാന പാർട്ടിയിലെ ഫണ്ടു തട്ടിപ്പു വിവാദത്തിൽ കർശന നടപടി വേണമെന്നാണു ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാട്. വിഷയം പരിശോധിക്കാൻ പാർട്ടി ദേശീയ അധ്യക്ഷൻ നിഥിൻ നബിൻ സെപ്റ്റംബറിൽ കേരളത്തിലെത്തും.
ബിജെപി സംസ്ഥാന നേതൃത്വം പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും കോടിക്കണക്കിനു രൂപയുടെ ഫണ്ടു തട്ടിപ്പു നടന്നുവെന്ന കാര്യത്തിൽ പാർട്ടി നേതൃനിരയിലുള്ളവർക്കാർക്കും സംശയമില്ല. വിവാദത്തിൽ സംഘടന ചുമതലുള്ള ഒരു സംസ്ഥാന ജനറൽ സെക്രട്ടറി തന്നെ പ്രതിക്കൂട്ടിലാണ്. ഇദ്ദേഹത്തെ സംരക്ഷിക്കുന്നതിന്റെ പേരിലാണ് ഇപ്പോൾ ദേശീയ നേതൃത്വത്തിനു കൂടി പ്രിയങ്കരനായ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പ്രതിരോധത്തിലായത്.
ബിജെപിയുടെ നേതൃയോഗങ്ങളിലെല്ലാം ഫണ്ടു തട്ടിപ്പു സജീവ ചർച്ചയായിട്ടും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ മുതിർന്ന നേതാക്കൾക്കടക്കം കടുത്ത അമർഷമുണ്ട്. ഫണ്ടു വിവാദത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ടു മുൻ സംസ്ഥാന അധ്യക്ഷൻ വി.മുരളീധരൻ പാർട്ടി ദേശീയ അധ്യക്ഷനു നേരത്തേ തന്നെ പരാതിയും നൽകിയിരുന്നു. എന്നിട്ടും പാർട്ടിക്കാകെ നാണക്കേടുണ്ടാക്കിയ വിവാദത്തിൽ കേന്ദ്ര നേതൃത്വവും നിശബ്ദരാകുന്നതു പാർട്ടി പ്രവർത്തകർക്കിടയിലും അസ്വാരസ്യങ്ങൾക്കു വഴിവച്ചിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തു മൂന്നു സീറ്റുകൾ നേടി ബിജെപി ശക്തമായ സാന്നിധ്യം അറിയിച്ചെങ്കിലും തുടർന്നെത്തിയ ഫണ്ടു തട്ടിപ്പു വിവാദം അതിന്റെ ശോഭ കെടുത്തിയെന്നാണു പരക്കെ ആക്ഷേപം. ഇങ്ങനെയൊരു സാഹചര്യം ദേശീയ നേതൃത്വത്തിനും കണ്ടില്ലെന്നു നടിക്കാനാകില്ല. പാർലമെന്റ് സമ്മേളനം കഴിഞ്ഞാലുടൻ ദേശീയ അധ്യക്ഷനടക്കമുള്ള നേതാക്കൾ കേരളത്തിലെത്തും.
തെറ്റുചെയ്തവരെ ഒരു കാരണവശാലും സംരക്ഷിക്കരുതെന്ന കർശന നിർദേശം നിഥിൻ നബിൻ രാജീവ് ചന്ദ്രശേഖറിനു നൽകിയെന്നാണു വിവരം. പാർട്ടി ദേശീയ നേതൃത്വം പിടിമുറുക്കിയാൽ രാജീവിനു ഫണ്ടു തട്ടിപ്പിൽ ഇപ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്ന തന്റെ വിശ്വസ്തനെ കൈവിടേണ്ടി വരും.