കടുത്തുരുത്തി: കാഞ്ഞിരപ്പള്ളിയിലെ ഉദയം ഇവന്റ്സുകാരന് നടത്തിയ തട്ടിപ്പില്‍ ഇരയായി മാഞ്ഞൂരിലെ ഉദയം കാറ്ററിംഗ് ഉടമ പ്രതിസന്ധിയില്‍. മാഞ്ഞൂര്‍ കേന്ദ്രമായി 27 വര്‍ഷമായി കാറ്ററിംഗ് സ്ഥാപനം നടത്തുന്ന രാജേന്ദ്രനാണ് മറ്റൊരാള്‍ നടത്തിയ തട്ടിപ്പുമൂലം പ്രതിസന്ധിയിലായത്.
വിവാഹസദ്യക്കായി ഭക്ഷണം നല്കാമെന്നേറ്റു പണം വാങ്ങിയ ശേഷം ഭക്ഷണം നല്‍കാതെ വീട്ടുകാരെ കമ്പളിപ്പിച്ച തട്ടിപ്പ് പുറത്ത് വന്നതോടെയാണ് രാജേന്ദ്രനും സ്ഥാപനവും അപവാദക്കെണിയില് കുരുങ്ങുന്നത്.
കാഞ്ഞിരപ്പള്ളിയില്‍ തട്ടിപ്പ് നടത്തിയ ആളുടെ സ്ഥാപനത്തിന്റെ പേരും ഉദയം കാറ്ററിംഗ് എന്നതായതാണ് രാജേന്ദ്രനെയും വെട്ടിലാക്കിയത്. തട്ടിപ്പ് വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി തന്നെ ഫോണില്‍ ആളുകള്‍ ചീത്ത വിളിക്കുകയായിരുന്നുവെന്ന് രാജേന്ദ്രന് പറയുന്നു.
പല ബുക്കിംഗുകളും ക്യാന്‍സലായി. അഡ്വാന്‍സ് നല്കിയ പണം ആളുകള്‍ തിരിച്ചു ചോദിച്ചു. വിദേശത്തുള്ളവര്‍ പോലും വിളിച്ചു ചോദിച്ചതായും രാജേന്ദ്രേന് പറഞ്ഞു.
വ്യാഴാഴ്ച തട്ടിപ്പ് നടത്തിയ കാറ്ററിംഗ് ഉടമയെ പോലീസ് പിടികൂടിയതോടെയാണ് തനിക്കുനേരേയുള്ള ആക്രമണത്തിന് അവസാനമുണ്ടായതെന്നും ഇദ്ദേഹം പറഞ്ഞു.