Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Catholic Faith

പ്രസംഗകർ പറഞ്ഞതിനെ കത്തോലിക്ക മതവിശ്വാസവുമായി കൂട്ടിക്കുഴയ്ക്കരുത്: അതിരൂപത ജാഗ്രതാ സമിതി

ചങ്ങനാശേരി: സാംസ്കാരിക സമ്മേളനത്തിൽ പ്രസംഗകർ പങ്കുവച്ച കാര്യങ്ങൾ മതവിശ്വാസവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് ചങ്ങനാശേരി അതിരൂപത ജാഗ്രതാസമിതി. മതസൗഹാർദ സമ്മേളനങ്ങൾ മതസംവാദത്തിന്‍റെ വേദികളല്ല മാനവസൗഹാർദത്തിന്‍റെ വേദികളാണെന്നും ജാഗ്രതാ സമിതി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

പാറേൽ മർത്ത് മറിയം ബസിലിക്ക കൂദാശയുടെ ആഘോഷങ്ങളുടെ ഭാഗമെന്ന നിലയിൽ നവംബർ 24ന് പാറേൽ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനവുമായി ബന്ധപ്പെട്ടു ചിലർ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തുന്ന സാഹചര്യത്തിലാണ് ജാഗ്രത സമിതി പത്രക്കുറിപ്പ് ഇറക്കിയത്. ഇപ്രകാരമുള്ള മതസൗഹാർദ സാംസ്കാരിക സമ്മേളനങ്ങൾ നടത്തുന്നതു സുവിശേഷം മുന്നോട്ടുവയ്ക്കുന്ന പരമമായ സ്നേഹത്തിന്‍റെ സന്ദേശം സമൂഹത്തിനു നൽകാനാണ്.

സാംസ്കാരികസമ്മേളനത്തിൽ പ്രസംഗകർ പങ്കുവച്ച കാര്യങ്ങൾ അവരുടെ വിശ്വാസങ്ങളും കാഴ്ചപ്പാടുകളും മാത്രമാണ്. ക്രൈസ്തവർ വിശ്വസിക്കുന്ന കാര്യങ്ങൾ അവരുടെ മതവിശ്വാസങ്ങളുമായി സാമ്യമുള്ളതാണെന്നു പറയുന്നത് ഒരു പക്ഷേ ക്രൈസ്തവരോടു സൗഹൃദം വർധിപ്പിക്കാനും ആകാം. എന്നാൽ, അവയ്ക്കു പരിശുദ്ധ കത്തോലിക്കാ വിശ്വാസവുമായി ബന്ധമൊന്നുമില്ല. കത്തോലിക്കാ വിശ്വാസ സത്യങ്ങളും പൊതുവേദികളിൽ ഇതരമതസ്ഥർ നടത്തുന്ന പ്രസ്താവനകളും തമ്മിൽ കൂട്ടിക്കുഴച്ച് വിശ്വാസികളിൽ ആശയക്കുഴപ്പം ഉണ്ടാക്കരുത്.

വിശുദ്ധ ബൈബിളിലും സഭാപാരമ്പര്യത്തിലും കണ്ടുമുട്ടുന്ന ഈശോ മിശിഹായിലും പരിശുദ്ധ കന്യാമറിയത്തിലുമാണ് കത്തോലിക്കർ വിശ്വസിക്കുന്നത്. കർത്താവായ ഈശോമിശിഹാ ദൈവവും ഭൂമിയിൽ മനുഷ്യനായി അവതരിച്ച ദൈവപുത്രനും ഏകരക്ഷകനുമാണെന്നും ദൈവമാതാവായ പരിശുദ്ധ കന്യാമറിയം അമലോത്ഭവയും നിത്യകന്യകയും സ്വർഗാരോപിതയുമാണെന്നും കത്തോലിക്കർ ഏറ്റുപറയുന്നു.

അതേസമയം, ഖുറാനിലും ഈസാ എന്നും മർയം എന്നും പേരുള്ള വ്യക്തികളുണ്ട്. ഈസായെ ഒരു പ്രവാചകനായാണ് ഖുറാൻ അവതരിപ്പിക്കുന്നത്. കർത്താവും ദൈവവുമായ ഈശോ മിശിഹായുടെ ജീവിതത്തിൽ സംഭവിച്ച കുരിശുമരണവും ഉത്ഥാനവും എന്നിങ്ങനെയുള്ള രക്ഷാകരസംഭവങ്ങൾ ഈസായെക്കുറിച്ചുള്ള ഖുറാൻ വിവരണത്തിൽ വ്യത്യസ്തമാണ്. ഖുറാനിലെ മർയം ഇമ്രാന്‍റെ മകളും അഹറോന്‍റെ സഹോദരിയുമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്.

എന്നാൽ, ക്രൈസ്തവ പാരമ്പര്യത്തിൽ പരിശുദ്ധ കന്യാമറിയം യോവാക്കിമിന്‍റെയും അന്നയുടെയും മകളാണ്. അതിനാൽ പേരുകളിൽ ചെറിയ സാമ്യം തോന്നുമെങ്കിലും ഇവർ ഒരേ വ്യക്തികളാണെന്നു കത്തോലിക്കാസഭ അംഗീകരിക്കുന്നില്ല. അതേസമയം, ഇസ്‌ലാം മതവിശ്വാസികൾ അപ്രകാരം വിശ്വസിക്കുന്നുണ്ടാവാം. അത് അവരുടെ വിശ്വാസം എന്നു മാത്രമേ പറയാനാവൂ.

ക്രൈസ്തവസഹോദര്യത്തിന്‍റെ വേദികളിൽ ഉയർത്തപ്പെടുന്ന വ്യത്യസ്ത അഭിപ്രായങ്ങൾ സ്നേഹത്തോടെ നമ്മൾ ശ്രവിക്കാറുണ്ട്. കാരണം ആരുടെയും വിശ്വാസം നമ്മുടെ വിശ്വാസത്തിന് വെല്ലുവിളിയല്ല. ആശയങ്ങളോടു വിയോജിക്കുമ്പോഴും വ്യക്തികളെ ആദരിക്കാനാണ് സുവിശേഷം നമ്മെ പഠിപ്പിക്കുന്നത്.

മതത്തെ ഉപയോഗിച്ച് വ്യക്തികളോടു വിദ്വേഷം വളർത്തുന്ന പ്രവണതകളെ അംഗീകരിക്കാൻ നമുക്കു കഴിയില്ല. ഏകരക്ഷകനായ ഈശോമിശിഹായിൽ വിശ്വസിക്കുന്നവർ വിരുദ്ധ അഭിപ്രായങ്ങളെ ഭയപ്പെടാതെ മലമുകളിൽ കൊളുത്തപ്പെട്ട വിളക്കുപോലെ നിരന്തരം പ്രകാശിക്കുകയാണ് വേണ്ടതെന്നും അതിരൂപതാ പബ്ലിക് റിലേഷൻസ് - ജാഗ്രതാസമിതിക്കു വേണ്ടി പിആർഒ അഡ്വ.ജോജി ചിറയിലും ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിലും പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Latest News

Corehub Up