വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ വർഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടത് 17 മിഷണറിമാർ. കത്തോലിക്കാ മാധ്യമമായ ഫിഡെസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.
ഇതോടെ കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ജീവത്യാഗം ചെയ്ത മിഷണറിമാരുടെ എണ്ണം 626 ആയി ഉയർന്നു. വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടവരിൽ വൈദികര്‍, കന്യാസ്ത്രീകൾ, സെമിനാരി വിദ്യാർഥികൾ, അല്മായർ എന്നിവരുള്‍പ്പെടുന്നു.
ഭൂഖണ്ഡം തിരിച്ചുള്ള കണക്കുകള്‍ പ്രകാരം 2025ൽ ഏറ്റവും കൂടുതൽ മിഷണറിമാര്‍ കൊല്ലപ്പെട്ടത് ആഫ്രിക്കയിലാണ്. ആറു വൈദികർ, രണ്ട് സെമിനാരി വിദ്യാർഥികൾ, രണ്ട് മതബോധന അധ്യാപകര്‍ എന്നിവരുള്‍പ്പെടെ പത്തു മിഷണറിമാരാണു കൊല്ലപ്പെട്ടത്. അമേരിക്കയില്‍ രണ്ടു വൈദികരും രണ്ടു കന്യാസ്ത്രീകളും കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ട മിഷണറിമാരില്‍ ഒരു വൈദികനും അല്മായനും ഉള്‍പ്പെടെ രണ്ടുപേർ ഏഷ്യയിൽനിന്നുള്ളവരാണ്. ഒരു വൈദികന് യൂറോപ്പിൽ കൊല്ലപ്പെട്ടു. അതേസമയം, അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ലോകമെമ്പാടും നൂറുകണക്കിന് മിഷണറിമാരും ആയിരക്കണക്കിന് ക്രൈസ്തവരും ക്രിസ്തുവിശ്വാസത്തെപ്രതി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.