അമേരിക്കയിലെ ജോർജിയയിൽ കാണാതായ ഒരു കുട്ടിയെ തിരയുന്നതിനിടയിലുണ്ടായ ദാരുണമായ സംഭവത്തിൽ ഒരു കുടുംബത്തിന്റെ അരുമയായ കഴുത പൊലിസിന്റെ വെടിയേറ്റു ചത്തു. സെഡാർടൗണിലെ ഒരു ഫാമിൽ വെച്ച് നടന്ന സംഭവത്തിൽ ഹീഹോ എന്ന് പേരുള്ള കഴുതയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
കാണാതായ കുട്ടിയെ കണ്ടെത്താൻ എത്തിയ പൊലിസ് ഉദ്യോഗസ്ഥർക്ക് നേരെ കഴുത സ്നേഹത്തോടെ അടുത്തുവന്നതായിരുന്നു. എന്നാൽ ഇത് തെറ്റായി വ്യാഖ്യാനിച്ച പൊലിസ് ഉദ്യോഗസ്ഥൻ ഇതിനുനേരെ വെടിയുതിർക്കുകയായിരുന്നു എന്ന് പുറത്തുവന്ന ബോഡിക്യാം ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
ഗുരുതരമായി പരിക്കേറ്റ ഹീഹോ പാടത്തേക്ക് ഓടിമാറി കുഴഞ്ഞുവീഴുകയായിരുന്നു. ജനിച്ചുവീണ് ഒരു മണിക്കൂർ കഴിഞ്ഞതുമുതൽ സ്വന്തം കുഞ്ഞിനെപ്പോലെ ഹീഹോയെ ലാളിച്ചു വളർത്തിയ ഉടമ ഹന്ന ഇസ്രായേൽ ഈ സംഭവത്തെത്തുടർന്ന് കടുത്ത മനോവിഷമത്തിലാണ്.
കുപ്പിവെള്ളവും പാലുമൊക്കെ നൽകിയാണ് താൻ അവനെ വളർത്തിയതെന്നും, ആളുകളെ കാണുമ്പോൾ സ്നേഹത്തോടെ ശബ്ദമുണ്ടാക്കിക്കൊണ്ട് അടുക്കുന്നതായിരുന്നു അവന്റെ സ്വഭാവമെന്നും ഹന്ന പറയുന്നു.
കഴുത തങ്ങളെ ആക്രമിക്കാൻ ചാടിവീഴുകയായിരുന്നു എന്നാണ് പൊലിസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വാദം. എന്നാൽ ഇത് പൂർണമായും തള്ളിക്കളയുന്ന ഹന്ന, അവന്റെ പതിവ് സ്നേഹപ്രകടനം മാത്രമാണ് പൊലിസ് തെറ്റിധരിച്ച് ജീവനെടുത്തതെന്ന് വ്യക്തമാക്കുന്നു.
അതേസമയം, പൊലിസുകാർ തിരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ പിന്നീട് സമീപത്തെ ഒരു പള്ളിയിൽ നിന്ന് സുരക്ഷിതമായി കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ വെടിയുതിർത്ത പൊലിസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥനെ താൽക്കാലികമായി പെയ്ഡ് അഡ്മിനിസ്ട്രേറ്റീവ് ലീവിലേക്ക് മാറ്റിയിരിക്കുകയാണ്. ജോർജിയ ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ ലോ എൻഫോഴ്സ്മെന്റ് ഡിവിഷൻ ബോഡിക്യാം ദൃശ്യങ്ങൾ പരിശോധിച്ച് സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.
ഈ ദാരുണ സംഭവത്തിൽ മനംനൊന്ത് ലോകമെമ്പാടുമുള്ള മൃഗസ്നേഹികൾ കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഹന്നയുടെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഓൺലൈൻ വഴി ആരംഭിച്ച ഫണ്ട്രൈസിംഗിലൂടെ ഇതിനോടകം ഒരു ലക്ഷത്തിലധികം ഡോളറാണ് സമാഹരിച്ചിരിക്കുന്നത്. ഹീഹോയുടെ ഓർമ്മക്കായി ഒരു ഫൗണ്ടേഷൻ രൂപീകരിച്ച് ഈ തുക ഉപയോഗിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.