ടെൽ അവീവ്: ഇറാൻ-ഇസ്രയേൽ യുദ്ധം അഞ്ചാം ദിവസവും തുടരുന്നതിനിടെ, യുദ്ധഭൂമിയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവിടുന്നതിൽ ഇസ്രയേൽ സർക്കാർ കർശനമായ സെൻസർഷിപ്പ് ഏർപ്പെടുത്തുന്നതായി റിപ്പോർട്ട്. പ്രമുഖ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ സിഎൻഎൻ തത്സമയ സംപ്രേഷണത്തിനിടെ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ആഗോളതലത്തിൽ ചർച്ചയാകുന്നത്.
യുദ്ധമേഖലയിൽ നിന്നുള്ള ദൃശ്യങ്ങൾ കാണിക്കുന്നതിനിടെ സിഎൻഎൻ റിപ്പോർട്ടർ പറഞ്ഞ വാക്കുകളാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. "ഞങ്ങൾ ആ ദൃശ്യങ്ങൾ ഇപ്പോൾ നിങ്ങൾക്ക് കാണിച്ചുതരുന്നില്ല. കാരണം, ആ ആക്രമണം എവിടെ നിന്നാണ് ഉണ്ടായതെന്നോ അതിന്റെ പ്രത്യാഘാതങ്ങൾ എന്താണെന്നോ കാണിക്കാൻ ഇസ്രായേൽ സർക്കാർ ഞങ്ങളെ അനുവദിക്കുന്നില്ല." - എന്നായിരുന്നു റിപ്പോർട്ടറിന്റെ വാക്കുകൾ.
ഇസ്രയേലിന്റെ മിലിട്ടറി സെൻസർഷിപ്പ് നിയമങ്ങൾ പ്രകാരം സൈനിക നീക്കങ്ങളെയോ നാശനഷ്ടങ്ങളെയോ ബാധിക്കുന്ന വാർത്തകൾ പുറത്തുവിടുന്നതിന് മുൻപ് സൈന്യത്തിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. കേവലം മാധ്യമ സെൻസർഷിപ്പ് എന്നതിന് പുറമേ മിസൈൽ ആക്രമണത്തിൽ എവിടെയൊക്കെ നാശനഷ്ടങ്ങൾ സംഭവിച്ചു എന്ന് ശത്രുക്കൾ മനസിലാക്കാതിരിക്കാനും ഇത് സഹായിക്കുന്നു.
വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കുമെന്നതും സെൻസർഷിപ്പിന് കാരണമാണ്. കൃത്യമായ ലക്ഷ്യസ്ഥാനങ്ങൾ വെളിപ്പെടുത്തുന്നത് ശത്രുക്കൾക്ക് അടുത്ത ആക്രമണത്തിനുള്ള സൂചന നൽകുമെന്നും ഇസ്രയേൽ ഭയപ്പെടുന്നു. ഇസ്രയേൽ ഔദ്യോഗികമായി 11 മരണങ്ങൾ മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും, മാധ്യമങ്ങൾക്കുള്ള കർശന നിയന്ത്രണം യഥാർത്ഥ നാശനഷ്ടങ്ങൾ ഇതിലും വലുതായിരിക്കാം എന്ന സംശയത്തിന് കാരണമാകുന്നുണ്ട്.
ഇസ്രയേലിൽ 500-ലധികം ബാലിസ്റ്റിക് മിസൈലുകൾ പതിച്ചിട്ടും "പരിമിതമായ നാശനഷ്ടങ്ങൾ"എന്ന് ഇസ്രയേൽ അവകാശപ്പെടുന്നത് തങ്ങളുടെ പ്രതിരോധ സംവിധാനത്തിന്റെ പ്രതിച്ഛായ കാത്തുസൂക്ഷിക്കാനുള്ള ശ്രമമാണെന്നും നിരീക്ഷകർ കരുതുന്നു. ലോകമെമ്പാടുമുള്ള മാധ്യമ പ്രവർത്തകർ ഈ നിയന്ത്രണത്തെ 'വാർത്താ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം' എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, യുദ്ധകാലത്ത് ഇത്തരം നിയന്ത്രണങ്ങൾ സ്വാഭാവികമാണെന്നാണ് ഇസ്രയേലിന്റെ നിലപാട്.