ന്യൂഡല്ഹി: സെന്സസ് വിവരശേഖരണ ഉദ്യോഗസ്ഥരായി (എന്യൂമറേറ്റര്) നിയമിക്കാവുന്ന "ഏതൊരു വ്യക്തി' എന്നതിന്റെ നിര്വചനം വിപുലീകരിച്ച് കേന്ദ്രസര്ക്കാര്. ഇതോടെ വിവരശേഖരണ ഉദ്യോഗസ്ഥരുടെ ചുമതലയിലേക്ക് സ്വകാര്യ സ്കൂള് അധ്യാപകരെയും വിവിധ സ്ഥാപനങ്ങള്, സൊസൈറ്റികള്, ട്രസ്റ്റുകള് എന്നിവയിലെ അംഗങ്ങളെയും നിയമിക്കാം.
നിലവില് സര്ക്കാര് സ്കൂള് അധ്യാപകരെയും റവന്യു വകുപ്പ് ഉദ്യോഗസ്ഥരെയും മറ്റ് സംസ്ഥാന സര്ക്കാര് ജീവനക്കാരെയുമാണ് സെന്സസ് ജോലികള്ക്കായി നിയോഗിച്ചിരുന്നത്. വെള്ളിയാഴ്ച ഔദ്യോഗിക ഗസറ്റില് പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെയാണ് എന്യൂമറേറ്ററായി നിയമിക്കാവുന്നവരുടെ പരിധി രജിസ്ട്രാര് ജനറല് ആന്ഡ് സെന്സസ് കമ്മിഷണര് ഓഫ് ഇന്ത്യ വിപുലീകരിച്ചത്.
പുതിയ വിജ്ഞാപനത്തില് 1990ലെ സെന്സസ് ചട്ടങ്ങളിലെ ചട്ടം മൂന്നില്, പട്ടികയിലെ അഞ്ചാം ക്രമനമ്പറില്, രണ്ടാമത്തെ കോളത്തില് നല്കിയിട്ടുള്ള നിലവിലെ വിവരങ്ങള്ക്കു പകരമായി മൂന്ന് നിര്വചനങ്ങളാണ് ഉള്പ്പെടുത്തിയിരിക്കുന്നത്.
സര്ക്കാര്, തദ്ദേശസ്ഥാപനങ്ങള്, എയ്ഡഡ് അല്ലെങ്കില് അണ്എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങള്, സൊസൈറ്റികള് അല്ലെങ്കില് ട്രസ്റ്റുകള് എന്നിവയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്.
കേന്ദ്രസര്ക്കാര്, സംസ്ഥാന സര്ക്കാര്, തദ്ദേശസ്ഥാപനങ്ങള് അല്ലെങ്കില് മറ്റു സ്ഥാപനങ്ങള് (പൊതുമേഖലാ സ്ഥാപനങ്ങള്, നിയമപരമായ സ്ഥാപനങ്ങള്, ബാങ്കുകള്, കമ്പനികള്, മറ്റു സ്ഥാപനങ്ങള്, സൊസൈറ്റികള്, ട്രസ്റ്റുകള് എന്നിവയുള്പ്പടെ) എന്നിവിടങ്ങളിലെ ക്ലര്ക്കുമാര് അല്ലെങ്കില് മറ്റ് ഉദ്യോഗസ്ഥര്.
സംസ്ഥാന സര്ക്കാരിനോ കേന്ദ്രഭരണപ്രദേശ ഭരണകൂടത്തിനോ അനുയോജ്യമായി തോന്നുന്ന ഏതൊരു വ്യക്തിയെയും വിവരശേഖരണ ഉദ്യോഗസ്ഥനായി നിയോഗിക്കാവുന്നതാണ്.
വിമർശനവുമായി കോൺഗ്രസ്
അതേസമയം, സർക്കാരിന്റെ ഈ നടപടിക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. സെൻസസ് പോലുള്ള അതിപ്രധാനവും ഔദ്യോഗികവുമായ ഒരു ദേശീയ പ്രക്രിയയിലേക്കു സ്വകാര്യവ്യക്തികളെയും സംഘടനകളുമായി ബന്ധമുള്ളവരെയും ഉൾപ്പെടുത്തുന്നത് ഇതിന്റെ നിഷ്പക്ഷതയെ ബാധിക്കുമെന്നും ആർഎസ്എസ്-ബിജെപി പ്രവർത്തകർക്കു വഴിവിട്ട് തൊഴിൽ നൽകാനുള്ള "തൊഴിലുറപ്പ് പദ്ധതി' യായാണ് ഇതു നടപ്പിലാക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.