ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രണ ബോർഡ് (ബിസിസിഐ) വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്ന 'പബ്ലിക് അതോറിറ്റി' അല്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ (സിഐസി). ബിസിസിഐ വിവരാവകാശ നിയമത്തിന് കീഴിൽ വരുമെന്ന തങ്ങളുടെ തന്നെ 2018-ലെ ചരിത്രപ്രധാനമായ ഉത്തരവാണ് തിങ്കളാഴ്ച സിഐസി തിരുത്തിയത്.
ദേശീയ-അന്തർദേശീയ ക്രിക്കറ്റ് ടൂർണമെന്റുകൾക്കായി ബിസിസിഐ ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുന്നതും രാജ്യത്തെ പ്രതിനിധീകരിക്കുന്നതും ഏത് മാർഗരേഖയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് 2017-ൽ കായിക മന്ത്രാലയത്തിന് മുന്നിൽ സമർപ്പിച്ച ഒരു അപ്പീൽ തള്ളിക്കൊണ്ടാണ് സിഐസിയുടെ പുതിയ ഉത്തരവ്.
കേന്ദ്ര സർക്കാർ ബിസിസിഐക്ക് നൽകിയിട്ടുള്ള അധികാരങ്ങളെക്കുറിച്ചും അപേക്ഷകൻ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ബിസിസിഐ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നേരിട്ട് വരില്ലെന്ന് വ്യക്തമാക്കുമ്പോഴും, സുതാര്യത ഉറപ്പാക്കാൻ കമ്മീഷൻ ചില നിർദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്.