തൃശൂർ: പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്കിൽ തെരുവുനായ്ക്കളുടെ ആക്രമണംമൂലം മാനുകൾക്കു ജീവൻ നഷ്ടപ്പെടാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര മൃഗശാല അഥോറിറ്റി മെംബർ സെക്രട്ടറി ഡോ. സഞ്ജയ് കുമാർ ശുക്ല നിർദേശം നൽകി.
കേന്ദ്ര മൃഗശാല അഥോറിറ്റി ഇവാല്വേഷൻ ആൻഡ് മോണിറ്ററിംഗ് അസിസ്റ്റന്റ് ടി. അജയ് കുമാറിനെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ഫ്രണ്ട്സ് ഓഫ് സൂ സെക്രട്ടറി എം. പീതാംബരൻമാസ്റ്റർ കേന്ദ്ര മൃഗശാല അഥോറിറ്റിയെ ധരിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ മെംബർ സെക്രട്ടറി നിർദേശം നൽകിയിട്ടുള്ളത്.
സുവോളജിക്കൽ പാർക്കിൽ മാനുകൾ ചത്ത സംഭവത്തിൽ വനംവകുപ്പ് അന്വേഷണം അപര്യാപ്തമാണെന്നും സമഗ്രപഠനം വേണമെന്നും ഫ്രണ്ട്സ് ഓഫ് സൂ ആവശ്യപ്പെട്ടു. നിർമാണം പൂർത്തിയായ ഘട്ടത്തിൽ ശാസ്ത്രീയപഠനവും സുരക്ഷാ ഓഡിറ്റിംഗും ആവശ്യമാണ്. ജോണ് കോയുടെ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള രൂപകല്പനയാണ് പൂർത്തിയാക്കിയതെന്നും ഉറപ്പാക്കണം.
സുവോളജിക്കൽ പാർക്കിന് ആവശ്യമായ തസ്തികകൾ, നിലവിലുള്ള ജീവനക്കാർ, അവരുടെ യോഗ്യത, ലഭിച്ച പരിശീലനം, ജീവനക്കാരുടെയും അന്യസംസ്ഥാന തൊഴിലാളികളുടെയും താമസസൗകര്യങ്ങൾ, ജോലിസമയം, പെരുമാറ്റച്ചട്ടം എന്നിവയെക്കുറിച്ചും അവലോകനം നടത്തണം.
ജോലിസമയം കഴിഞ്ഞാൽ തൊഴിലാളികൾ പാർക്കിനുള്ളിൽ തങ്ങുന്ന സാഹചര്യമൊഴിവാക്കണം.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വനംമന്ത്രി, കേന്ദ്ര മൃഗശാല അഥോറിറ്റി, സുവോളിക്കൽ പാർക്ക് അധികൃതർ എന്നിവർക്കു നിവേദനം സമർപ്പിച്ചതായി ഫ്രണ്ട്സ് ഓഫ് സൂ സെക്രട്ടറി അറിയിച്ചു.