മാഡ്രിഡ്: ഉത്തര ആഫ്രിക്കയിലെ സ്പാനിഷ് പ്രദേശമായ സീയുട്ടയിൽ കഴിഞ്ഞ ആഴ്ച നടന്ന വൻ അതിർത്തി കടന്നുകയറ്റത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും മൊറോക്കോയിലേക്ക് മടങ്ങിയതായി സ്പാനിഷ് അധികൃതർ അറിയിച്ചു.
അതിർത്തിയിലുണ്ടായ തിക്കിലും തിരക്കിലും കടലിൽ മുങ്ങിയുമടക്കം കുറഞ്ഞത് 72 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിലായി 50,000 മുതൽ 60,000 വരെ ആളുകൾ അതിർത്തി വേലികളും കടൽമാർഗവും മറികടന്ന് സീയുട്ടയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു.
ഇവരിൽ ഭൂരിഭാഗവും യുവാക്കളായിരുന്നു. സ്പാനിഷ് അധികൃതരുടെ കണക്കുപ്രകാരം, മരണപ്പെട്ടവരിൽ കൂടുതലും കടലിൽ മുങ്ങുകയോ അതിർത്തി വേലിക്കു സമീപമുണ്ടായ തിക്കിലും തിരക്കിലുംപ്പെടുകയോ ചെയ്തവരാണ്. സംഭവത്തിൽ പരിക്കേറ്റ ആയിരത്തിലധികം പേർക്ക് ചികിത്സ നൽകി.
കൂടുതൽ മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ കടലിൽ തുടരുകയാണ്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 500 മീറ്റർ നീളമുള്ള ഫ്ലോട്ടിംഗ് ബാരിയർ സ്ഥാപിക്കുകയും സ്പാനീഷ് സൈന്യത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജപ്രചാരണങ്ങളും മനുഷ്യക്കടത്ത് സംഘങ്ങളുടെ ഇടപെടലുകളുമാണ് ഇത്രയും വലിയ ജനക്കൂട്ടം അതിർത്തിയിലേക്ക് എത്താൻ കാരണമായതെന്ന് മൊറോക്കോ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മൊറോക്കോയുടെ കണക്കുപ്രകാരം ഏകദേശം 40,000 പേരാണ് അതിർത്തി കടക്കാൻ ശ്രമിച്ചത്.
സംഭവത്തെ തുടർന്ന് സ്പെയിനിലെ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെ രാജ്യത്തിനകത്തും യൂറോപ്യൻ യൂണിയനിലും ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ആൽബർട്ടോ നൂനെസ് ഫെയ്ജൂയും വലതുപക്ഷ പാർട്ടിയായ വോക്സ് നേതാവ് സാന്റിയാഗോ അബാസ്കലും സീയുട്ട സന്ദർശിച്ച് സർക്കാരിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചു.
ഇതിനിടെ, സുരക്ഷാ ആശങ്കകൾ മുൻനിർത്തി ചില യൂറോപ്യൻ രാജ്യങ്ങൾ അതിർത്തി പരിശോധന ശക്തമാക്കിയിട്ടുണ്ട്.