ന്യൂഡൽഹി: ആം ആദ്മി പാർട്ടിയും പാർട്ടിയുടെ യുവ എംപി രാഘവ് ഛദ്ദയും തമ്മിലുള്ള പോര് രൂക്ഷം. രാജ്യസഭയിലെ എഎപിയുടെ ഉപനേതാവ് സ്ഥാനത്തുനിന്നു നീക്കുകയും എഎപിയുടെ പേരിൽ പാർലമെന്റിൽ ഛദ്ദയ്ക്ക് പ്രസംഗിക്കാൻ അവസരം നൽകരുതെന്നു രേഖാമൂലം അറിയിക്കുകയും ചെയ്തതോടെയാണു പ്രശ്നം വഷളായത്. തനിക്കെതിരേ പ്രചരിപ്പിക്കുന്ന മൂന്ന് ആരോപണങ്ങളും സത്യമല്ലെന്നു 37കാരനായ രാഘവ് ഛദ്ദ അവകാശപ്പെട്ടു.
കേരളത്തിലും ആസാമിലും തെരഞ്ഞെടുപ്പു ചൂട് കൊടിമുടിയിലായപ്പോഴാണ് എഎപിയിലെ ഉൾപ്പോര് പരസ്യമായത്. രാജ്യസഭയിലെ എഎപി ഉപനേതാവ് സ്ഥാനത്തുനിന്ന് ഛദ്ദയെ പുറത്താക്കുകയും പകരം അശോക് മിത്തലിനെ നിയമിക്കുകയും ചെയ്തതിന്റെ കാരണം പാർട്ടി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, പാർട്ടിയുടെ പൊതുതീരുമാനത്തിനെതിരേ പ്രവർത്തിക്കുന്ന വ്യക്തികൾക്കെതിരേ നടപടിയെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് മാൻ വ്യക്തമാക്കി. പഞ്ചാബിൽനിന്നുള്ള രാജ്യസഭാംഗമാണ് ഛദ്ദ.
മുഖ്യ തെരഞ്ഞടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയത്തിൽ ഒപ്പിടാതിരുന്നതും പ്രതിപക്ഷ എംപിമാരോടൊപ്പം വാക്കൗട്ടിൽ പങ്കുചേരാതെ സീറ്റിൽ തുടർന്നതുമടക്കമുള്ള കാര്യങ്ങളാണു ഛദ്ദയ്ക്കെതിരേ അച്ചടക്കനടപടിക്കു കാരണമെന്നു ആം ആദ്മി പാർട്ടിയുടെ ഒരു നേതാവ് ദീപികയോടു പറഞ്ഞു. ബിജെപിയുമായി ചില ഒത്തുകളികൾ നടത്തുന്നതായും ആരോപണമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കാതെ ബിജെപിയോടു മൃദുസമീപം സ്വീകരിച്ചത് എഎപിയുടെ നിലപാടുകൾക്കെതിരാണെന്ന് മറ്റൊരു എഎപി നേതാവ് പറഞ്ഞു. പ്രധാന ദേശീയ വിഷയങ്ങളെക്കാൾ, "സോഫ്റ്റ് പിആർ’ കാര്യങ്ങൾക്കാണു പാർലമെന്റിൽ ഛദ്ദ മുൻഗണന നൽകുന്നതെന്ന് എഎപി ഡൽഹി മേധാവി സൗരഭ് ഭരദ്വാജ് ആരോപിച്ചു. അരവിന്ദ് കേജരിവാൾ ജയിൽമോചിതനായി ഡൽഹിയിലെത്തിയപ്പോൾ നൽകിയ സ്വീകരണത്തിന് വരാതെ അമേരിക്കയിൽ തുടർന്നതും ഛദ്ദയ്ക്കു വിനയായി.
എന്നാൽ, തനിക്കെതിരേ പ്രചരിപ്പിക്കുന്ന മൂന്ന് ആരോപണങ്ങളും കള്ളമാണെന്ന് വീഡിയോ സന്ദേശങ്ങളിൽ ഛദ്ദ പറഞ്ഞു. പ്രതിപക്ഷ വാക്കൗട്ടിൽ നിന്നു ഒരു ദിവസംപോലും വിട്ടുനിന്നിട്ടില്ലെന്നും അല്ലെന്നു തെളിയിക്കാൻ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിലെ സിസിടിവി പരിശോധിച്ചാൽ അറിയാം.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെ നീക്കാനുള്ള പ്രമേയത്തിൽ ഒപ്പിടാൻ എഎപിയിലെ ഒരു നേതാവും തന്നോട് ആവശ്യപ്പെട്ടിട്ടില്ല. പാർട്ടിയുടെ 10 എംപിമാരിൽ ആറു പേരെങ്കിലും ഇംപീച്ച്മെന്റ് പ്രമേയത്തിൽ ഒപ്പിട്ടിട്ടില്ലെന്നും ഛദ്ദ പറഞ്ഞു. സാമൂഹ്യമാധ്യമമായ എക്സിനെ മെഗാഫോണായി ഉപയോഗിക്കുന്ന രാഘവ് ഛദ്ദ രണ്ടു വ്യത്യസ്ത വീഡിയോകളിലായാണു പ്രതികരിച്ചത്.
കേന്ദ്രസർക്കാരിനെയും ബിജെപിയെയും ഭയന്നാണു പ്രധാന രാഷ്ട്രീയ വിഷയങ്ങളിൽ ഛദ്ദ പാർലമെന്റിലും പുറത്തും സൗമ്യമായതെന്ന എഎപിയുടെ ആരോപണവും ഛദ്ദ നിഷേധിച്ചു. ബഹളം വയ്ക്കാനോ, നിലവിളിക്കാനോ അലറാനോ മൈക്രോഫോണുകൾ തകർക്കാനോ അസഭ്യം പറയാനോ അല്ല താൻ പാർലമെന്റിൽ പോയത്. ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കാനും അവർക്കുവേണ്ടി സംസാരിക്കാനുമാണെന്ന് ഛദ്ദ ന്യായീകരിച്ചു.