അമരാവതി: ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂളിലെ ക്ലാസ് മുറിയിൽ അതിക്രമിച്ചുകയറി പത്താംക്ലാസ് വിദ്യാർഥിയെ യന്ത്രവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിക്ക് നേരെ പൊലിസ് വെടിവയ്പ്പ്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലിസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പൊലിസ് വെടിയുതിർത്തത്. പ്രതിയായ ഹേമന്താണ് (21) പൊലിസിന്റെ വെടിവയ്പ്പിൽ പരിക്കേറ്റ് ചികിത്സയിലുള്ളത്.
വനമേഖലയിൽ ഒളിവിൽ കഴിയുകയാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലിസ് ഇയാളെ വളയുകയായിരുന്നു. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കത്തിയുമായി പൊലിസിന് നേരെ തിരിയുകയും കല്ലെറിയുകയും ചെയ്തു. നിരവധി പൊലിസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതോടെയാണ് പൊലിസ് വെടിയുതിർത്തത്. ആറോളം റൗണ്ട് വെടിയുതിർത്തതായും ഗുരുതരമായി പരിക്കേറ്റ പ്രതിയെ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലിസ് വ്യക്തമാക്കി.
ഒക്ടോബർ 31-ന് രാവിലെയാണ് റാപ്തഡവിലെ ഹൈസ്കൂളിൽ ഹേമന്ത് യന്ത്രവാളുമായി ക്ലാസ് മുറിയിലേക്ക് അതിക്രമിച്ചു കയറിയത്. പത്താംക്ലാസ് വിദ്യാർഥികളെ വെട്ടിപ്പരിക്കേൽപ്പിച്ചത്.
പ്രതിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു പെൺകുട്ടിയുടെ വലതുകൈപ്പത്തി പൂർണമായും അറ്റുപോയി. കഴുത്തിലും മുഖത്തും ഗുരുതര വെട്ടേറ്റ കുട്ടിയുടെ തലയോട്ടിക്കും വാരിയെല്ലുകൾക്കും ഒടിവുകളുണ്ട്. നില ഗുരുതരമായതിനെ തുടർന്ന് അനന്തപൂർ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി പെൺകുട്ടിയെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ തീവ്രശ്രമം തുടരുകയാണ്.