വടക്കഞ്ചേരി: പഞ്ചായത്തുകളിൽ നടന്നുവരുന്ന സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പുകളിൽ ആകെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് അംഗങ്ങൾ. സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്കും ചെയർമാൻ തെരഞ്ഞെടുപ്പുകളുടെയും നടപടിക്രമങ്ങൾ പിടികിട്ടാതെ തലപുകയുന്നുണ്ട് പല ജനപ്രതിനിധികളും.
തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഇത്ര ബുദ്ധിമുട്ടുണ്ടായിരുന്നില്ല എന്നുപറയുന്ന മെംബർമാരുമുണ്ട്. കമ്മിറ്റികളുടെ വോട്ടെടുപ്പിനു മുമ്പ് എങ്ങനെയെല്ലാം വോട്ടു ചെയ്യണം എന്നു മനസിലാക്കിയില്ലെങ്കിൽ എതിർപാർട്ടി അംഗങ്ങൾ കൂടുതൽ കമ്മിറ്റികളിൽ സ്ഥാനം പിടിക്കും. ഇതു തുടർന്നുള്ള ഭരണസംവിധാനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കും. കാര്യങ്ങൾ മനസിലാക്കാതെ വോട്ട് ചെയ്താൽ പുറത്തിറങ്ങിയാൽ പേരുദോഷവും മാനക്കേടും വേറെ വരും.
അവരെ പിന്തുണച്ചു ഇവരെ സഹായിച്ചു എന്നൊക്കെ വാർത്ത പരക്കും. സത്യത്തിൽ വോട്ടിംഗ് പാറ്റേൺ അറിയാതെ സംഭവിക്കുന്നതാണെന്ന് പുറത്തുള്ളവർക്ക് അറിയില്ലല്ലോ. വടക്കഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെടെ ഇത് പലയിടത്തും സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
വടക്കഞ്ചേരിയിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി എന്നീ കമ്മിറ്റികളിൽ കൂടുതൽ സിപിഎം അംഗങ്ങൾക്ക് സ്ഥാനം പിടിക്കാമായിരുന്നെങ്കിലും വോട്ടിംഗിലെ ആശയകുഴപ്പത്തിൽ താളപ്പിഴകളുണ്ടായി കമ്മിറ്റികളിൽ വേണ്ടത്ര തിളങ്ങാൻ കഴിഞ്ഞില്ല.
വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ഒരു വോട്ട് അസാധുവായതോടെയായിരുന്നു താളപ്പിഴകൾ തുടങ്ങിയത്.
തുടർന്ന് വെള്ളിയാഴ്ച നടന്ന മറ്റു തെരഞ്ഞെടുപ്പുകളിലും പിശകുകൾ പ്രകടമായി. എന്നാൽ കോൺഗ്രസ് സംഘങ്ങൾക്ക് ഇതു സംബന്ധിച്ച് നേരത്തെ തന്നെ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് ഉൾപ്പെടെയുള്ളവർ ബോധവത്കരണം നടത്തി വോട്ടിംഗിന് സജ്ജമാക്കിയിരുന്നതിനാൽ അബദ്ധങ്ങൾ സംഭവിക്കാതെ കൂടുതൽ സ്ഥാനങ്ങൾ പിടിച്ചെടുക്കാൻ കഴിഞ്ഞു. ഇനി നാളെയാണ് സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ ചെയർമാൻ തെരഞ്ഞെടുപ്പ്. തദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ അംഗങ്ങളും ഏതെങ്കിലും ഒര സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ അംഗമായിരിക്കണം എന്നതാണ് വ്യവസ്ഥ.
ഒരു അംഗം ഒരു കമ്മിറ്റിയിൽ മാത്രമെ അംഗമാകാനും പാടുള്ളു. അധ്യക്ഷൻ ഒഴികെയുള്ള അംഗങ്ങൾ ഇത്തരത്തിൽ ഉൾപ്പെടും. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലാണ് വൈസ് പ്രസിഡന്റ് ഉൾപ്പെടുക. ഈ കമ്മിറ്റിയുടെ അധ്യക്ഷനും ഉപാധ്യക്ഷനായിരിക്കും. എല്ലാ സ്റ്റാൻഡിംഗ് കമ്മിറ്റികളിലും ഒരു സ്ഥാനം വനിതാ സംവരണമാണ്. ധനകാര്യ സ്ഥിരം സമിതി അധ്യക്ഷയാകുന്ന വൈസ് പ്രസിഡന്റ് വനിതയാണെങ്കിൽ കൂടി മറ്റൊരു അംഗത്തെ ധനകാര്യ സ്ഥിരം സമിതിയിൽ ഉൾപ്പെടുത്താനാകും. എല്ലാ സ്റ്റാൻഡിംഗ് കമ്മിറ്റികളിലും ഒരു വനിത ഉൾപ്പെടണം.
എന്നതിനാൽ വനിതാ സംവരണ സ്ഥാനങ്ങളിലേക്കാണ് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. ഏതെങ്കിലും സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ സ്ത്രീ സംവരണ സ്ഥാനത്തേക്ക് നാമ നിർദേശം ലഭിക്കാതെ വന്നാൽ അംഗത്തെ തെരഞ്ഞെടുക്കാൻ വീണ്ടും യോഗം വിളിക്കണമെന്നായിരുന്നു ചട്ടം.