ന്യൂഡൽഹി: വിദേശപഠനത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനുമുള്ള ധനസഹായത്തെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി സിജെപി അധ്യക്ഷൻ അഭിജിത് ദിപ്കെ. തന്റെ വിദ്യാഭ്യാസത്തിന്റെയും ധനസഹായത്തിന്റെയും എല്ലാ വിവരങ്ങളും പരസ്യമാക്കാൻ തനിക്ക് യാതൊരു മടിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേ മാനദണ്ഡം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബാധകമാക്കണം. മോദി തന്റെ ബിരുദ സർട്ടിഫിക്കറ്റ് പൊതുജനങ്ങൾക്ക് മുന്നിൽ വെക്കണമെന്നും അഭിജിത് ദിപ്കെ ആവശ്യപ്പെട്ടു. അഭിജിത് ദിപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സൂറത്തിലെ ഒരു വിവരാവകാശ പ്രവർത്തകൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
മഹാരാഷ്ട്ര സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാരനായ പിതാവിന് മകന്റെ വിദേശപഠനത്തിനുള്ള ചെലവ് എങ്ങനെ വഹിക്കാൻ കഴിഞ്ഞുവെന്നാണ് അദ്ദേഹം ഉന്നയിച്ച ചോദ്യം. ഇതിന് പിന്നാലെ അഭിജിത് ദിപ്കെ തന്റെ പഠനച്ചെലവുകളുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിട്ടു. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നതിനിടെ ഡീൻസ് സ്കോളർഷിപ്പായി ഒരു സെമസ്റ്ററിന് 12,500 ഡോളർ വീതം ലഭിച്ചു.
മൂന്ന് സെമസ്റ്ററുകളിലായി ആകെ 37,500 ഡോളർ ലഭിച്ചതിന്റെ രേഖകളാണ് അദ്ദേഹം പുറത്തുവിട്ടത്. പഠനച്ചെലവിന്റെ ശേഷിച്ച ഭാഗം ബാങ്ക് വായ്പയിലൂടെയാണ് കണ്ടെത്തിയതെന്നും ആ വായ്പയുടെ തിരിച്ചടവ് ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എന്തെങ്കിലും സംശയമുള്ളവർക്ക് നിയമാനുസൃതമായി അന്വേഷിക്കാം.ഏത് അന്വേഷണ ഏജൻസിക്കും തന്റെ സാമ്പത്തിക രേഖകൾ പരിശോധിക്കാമെന്നും അഭിജിത് ദിപ്കെ പറഞ്ഞു.
ആരോപണങ്ങൾക്ക് മറുപടിയായി രേഖകൾ തന്നെയാണ് താൻ മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മറ്റുള്ളവരുടെ സാമ്പത്തിക കാര്യങ്ങൾ ചോദ്യം ചെയ്യുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുകളും പിഎം കെയർസ് ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളും പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാക്കളും ആവശ്യപ്പെട്ടു.