തിരുവനന്തപുരം: മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരേ അന്യായമായി ഉറഞ്ഞുതുള്ളുന്ന രാഷ്്ട്രീയ നേതാക്കൾ ജനാധിപത്യത്തിനുതന്നെ വെല്ലുവിളിയെന്ന് കേരള പത്രപ്രവർത്തക യൂണിയൻ.
സങ്കുചിത രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിൽ സംസ്ഥാനത്തെ ഏറ്റവും പാരമ്പര്യമുള്ള മാധ്യമ സ്ഥാപനമായ ദീപിക പത്രത്തെ അധിക്ഷേപിക്കുന്ന പി.സി. ജോർജിനെയും ഷോൺ ജോർജിനെയുംപോലുള്ള നേതാക്കൾ വിഭാഗീയ രാഷ് ട്രീയത്തിന്റെ സന്ദേശമാണു പൊതുസമൂഹത്തിനു പകരാൻ ശ്രമിക്കുന്നത്.
ഒന്നര പതിറ്റാണ്ടോളം മുമ്പ് സ്ഥാപനവുമായി ബന്ധം വിച്ഛേദിച്ചയാളുടെ പേരു പറഞ്ഞ് ഇപ്പോൾ അധിക്ഷേപത്തിനു ശ്രമിക്കുന്നത് വിദ്വേഷ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി മാത്രമേ കാണാനാവൂ. അധിക്ഷേപമാണ് വാർത്തയാവാനുള്ള വഴിയെന്നു ധരിച്ചുവശായ ഇത്തരക്കാരെ കൈകാര്യം ചെയ്യുന്നതിൽ മാധ്യമങ്ങൾ അടക്കമുള്ള സമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ട്.
ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ മോശം പദങ്ങൾ ഉപയോഗിച്ച് അടിച്ചിരുത്തുന്നതിൽ കൈയടിക്കുന്നവർ അധികമൊന്നും ഇനി പിന്നിൽ ശേഷിക്കുന്നില്ലെന്ന് ഇനിയെങ്കിലും ഇവർ തിരിച്ചറിയേണ്ടതുണ്ട്.
അധിക്ഷേപം മാത്രം രാഷ് ട്രീയ ശൈലിയായി പിന്തുടരുന്ന നേതാക്കളെ തിരുത്താനും നിയന്ത്രിക്കാനും അടിയന്തര ഇടപെടലുണ്ടാവണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ബിജെപി നേതൃത്വത്തോട് അഭ്യർഥിച്ചു.