ബ്രൂഹ്/പോര്‍ട്ടോ/മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ 2026-27 സീസണിന് ഇന്നു കിക്കോഫ്. ഇന്നു നടക്കുന്ന ആദ്യമത്സരങ്ങളില്‍ ഗ്രീക്ക് ക്ലബ് എഇകെ ഏഥന്‍സ് ജര്‍മനിയില്‍നിന്നുള്ള ലിന്സിനെയും ഇംഗ്ലീഷ് ക്ലബ് ആസ്റ്റണ്‍ വില്ല ബെല്‍ജിയം സംഘമായ ക്ലബ് ബ്രൂഹിനെയും നേരിടും. ഇന്ത്യന്‍ സമയം രാത്രി 10.15നാണ് ഈ മത്സരങ്ങളുടെ കിക്കോഫ്.
തുടര്‍ന്നു നാളെ പുലര്‍ച്ചെ 12.30നു (ഈ അര്‍ധരാത്രി) നടക്കുന്ന മറ്റു മത്സരങ്ങളില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് വിയ്യാറയലിനെയും എഫ്സി പോര്‍ട്ടോ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയെയും ലില്ല റയല്‍ ബെറ്റിസിനെയും നേരിടും. മുന്ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും ഇന്റര്‍മിലാനും തമ്മിലാണ് ഈ രാത്രിയിലെ ഗ്ലാമര്‍ പോരാട്ടം.
റയല്‍ x ഇന്റര്‍
സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍മിലാനും കൊമ്പുകോര്‍ക്കുന്നത് മാഡ്രിഡിലെ സാന്റിയൊഗൊ ബര്ണബ്യു സ്റ്റേഡിയത്തില്‍. ക്രിസ്റ്റ്യന്‍ ചിവുവാണ് ഇന്റര്‍മിലാന്റെ മുഖ്യപരിശീലകന്‍. റയലിന്റെ തന്ത്രജ്ഞന്‍ ഹൊസെ മൗറീഞ്ഞോയാണ്. മൗറീഞ്ഞോ ഇന്റര്‍മിലാന്റെ കോച്ചായിരുന്നപ്പോള്‍ ക്ലബ്ബിലെ കളിക്കാരനായിരുന്നു ക്രിസ്റ്റ്യന്‍ ചിവു എന്നതും ചരിത്രം.
റയല്‍ മാഡ്രിഡും ഇന്റര്‍ മിലാനും ഇതുവരെ 19 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ 10 ജയം സ്പാനിഷ് ടീമിനു സ്വന്തം. ഹോം ഗ്രൗണ്ടില്‍ കളിച്ച ഒമ്പതു മത്സരങ്ങളില്‍ എട്ടിലും മാഡ്രിഡ് ജയിച്ചെന്നതും വാസ്തവം. ഇന്റര്മിലാന് ഏഴു ജയം മാത്രമാണ് റയലിന് എതിരേ സ്വന്തമാക്കാന്‍ സാധിച്ചത്. മാഡ്രിഡ് ടീം 28 ഗോള്‍ നേടിയപ്പോള്‍ മിലാന്‍കാര്‍ 21 എണ്ണം സ്വന്തമാക്കി. അവസാനം ഏഴു തവണ സാന്റിയൊഗൊ ബര്‍ണബ്യുവില്‍ കളിച്ചതില്‍ നാല് എണ്ണത്തില്‍ ഇന്റര്‍ മിലാനു ഗോള്‍ നേടാന്‍ പോലും സാധിച്ചില്ലെന്നതും ശ്രദ്ധേയം.
2026-27 സീസണ് ലാ ലിഗയില്‍ അവസാനം കളിച്ച മത്സരത്തില്‍ പരാജയപ്പെട്ടാണ് റയല്‍ മാഡ്രിഡ് (ബെറ്റിസിന് എതിരേ 1-0) എത്തുന്നത്. അതേസമയം, ഇറ്റാലിയന്‍ സീരി എയില്‍ നാപ്പൊളിക്കെതിരേ രണ്ടു ഗോളിനു പിന്നിട്ടുനിന്നശേഷം മൂന്ന് എണ്ണം അടിച്ച് ജയിച്ചതിന്റെ (3-2) ആവേശത്തിലാണ് ഇന്റര്‍ മിലാന്.
സിറ്റി x പോര്‍ട്ടോ
പെപ് ഗ്വാര്ഡിയോളയ്ക്കുശേഷമുള്ള പുതിയൊരു കാലഘട്ടം എന്‍സൊ മരെസ്കയുടെ ശിക്ഷണത്തില്‍ പടുത്തുയര്‍ത്തുന്ന ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി, പോര്‍ച്ചുഗല്‍ വമ്പന്മാരായ എഫ്സി പോര്‍ട്ടോയെ എവേ പോരാട്ടത്തില്‍ നേരിടും. എന്‍സൊ ഫെര്‍ണാണ്ടസ് അടക്കമുള്ള വമ്പന്‍ സൈനിംഗ് നടത്തിയാണ് മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി 2026-27 സീസണ് തുടങ്ങിയിരിക്കുന്നത്. സൂപ്പര്‍ സ്ട്രൈക്കര്‍ എര്‍ലിംഗ് ഹാലണ്ടിന്റെ ഗോളടി ആരംഭിച്ചുകഴിഞ്ഞു.
സിറ്റിക്ക് എതിരേ ഇതുവരെ ജയം നേടാന്‍ പോര്‍ട്ടോയ്ക്കു സാധിച്ചിട്ടില്ല. മൂന്നു തവണ ഏറ്റുമുട്ടിയതില്‍ ഒരു സമനിലയും രണ്ടും ജയവും സിറ്റി സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ 150-ാം യൂറോപ്യന്‍ പോരാട്ടമാണിതെന്നതും ശ്രദ്ധേയം.
ബാഴ്സ, പിഎസ്ജി, ലിവര്‍പൂൾ
നിലവിലെ ചാമ്പ്യന്മാരായ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെയ്ന് (പിഎസ്ജി), സ്പാനിഷ് കരുത്തരായ എഫ്സി ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ്, ഇംഗ്ലീഷ് വമ്പനായ ലിവര്‍പൂള്‍ എഫ്സി, ആഴ്സണല്‍ എഫ്സി തുടങ്ങിയ ടീമുകള്‍ നാളെ കളത്തിലെത്തും.
ലിവര്‍പൂളിലെ ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ലിവര്‍പൂള്‍ എഫ്സി x അത്ലറ്റിക്കോ മാഡ്രിഡ്, നേപ്പിള്‍സിലെ ഡിയേഗൊ മാറഡോണ സ്റ്റേഡിയം ആതിഥേയത്വം വഹിക്കുന്ന നാപ്പൊളി x ആഴ്സണല്‍ മത്സരങ്ങളാണ് നാളത്തെ ആകര്‍ഷണം.
നേപ്പാള്‍ അനുസ്മരണം
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഈ ആഴ്ച നടക്കുന്ന ആദ്യ റൗണ്ടിലെ 18 മത്സരങ്ങള്‍ക്കു മുമ്പും നേപ്പാള്‍ അനുസ്മരണം നടത്തും. അപ്രതീക്ഷിത ഹിമപാതമുണ്ടാക്കിയ വെള്ളപ്പൊക്കത്തില്‍ മരിച്ചവരെയും ദുരന്തം അനുഭവിക്കുന്ന നേപ്പാള്‍ ജനതയെയും ഹൃദയത്തോടു ചേര്ത്തുവയ്ക്കുന്നതാണീ നീക്കം. മൗനം ആചരിക്കുന്നതിനൊപ്പം നിങ്ങള്‍ ഒറ്റയ്ക്കല്ല നേപ്പാള്‍ എന്ന ബാനറും പ്രദര്‍ശിപ്പിക്കും. യുവേഫ പ്രസിഡന്റ് അലക്സാണ്ടര്‍ ഷെഫെറിനാണ് ഇക്കാര്യം അറിയിച്ചത്.